ഓണക്കിറ്റിന് ദൗർലഭ്യമുണ്ടെന്ന് വരുത്താൻ ആസൂത്രിത ശ്രമം; മന്ത്രി
പോര്‍ട്ടബിലിറ്റി സംവിധാനം കഴിഞ്ഞ നാലു മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചില കടകളിലേയ്ക്ക് കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിച്ചേരുന്നതിനാല്‍ കിറ്റുകള്‍ തീര്‍ന്നു പോകുന്നത് സ്വാഭാവികമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റിന് ദൗർലഭ്യമുണ്ടെന്ന് വരുത്തിതീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. ചില വ്യാപാരികൾ ഇതിനായി ഗൂഡാലോചന നടത്തിയെന്നും മന്ത്രി ആരോപിച്ചു.
ഭൂരിഭാഗം റേഷൻ വ്യാപാരികളും മികച്ച രീതിയിൽ സഹകരിച്ചിട്ടുണ്ട്. ഓണക്കിറ്റ് വിതരണം രാത്രി എട്ടു മണിവരെ നീട്ടിയെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 84,01,328 ലക്ഷം കിറ്റുകള്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എ.എ.വൈ വിഭാഗത്തില്‍ 96.96 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തില്‍ 97.56 ശതമാനവും എൻ.പി.എസ് വിഭാഗത്തില്‍ 91.69 ശതമാനവും എൻ.പി.എൻ.എസ് വിഭാഗത്തില്‍ 80.45 ശതമാനം കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി.
ആകെ 90.81 ശതമാനം കാര്‍ഡുടമകളാണ് കിറ്റ് കൈപ്പറ്റിയത്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.
പോര്‍ട്ടബിലിറ്റി സംവിധാനം കഴിഞ്ഞ നാലു മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചില കടകളിലേയ്ക്ക് കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിച്ചേരുന്നതിനാല്‍ കിറ്റുകള്‍ തീര്‍ന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം എ.ആര്‍.ഡി കള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രാത്രി എട്ട് വരെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കാനുള്ള സംവിധാനം സജ്ജമാണ്. റേഷന്‍ വ്യാപാരികള്‍ക്ക് ഉത്സവബത്ത നല്‍കുന്നതിനുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.