മരട് ഫ്ലാറ്റ് പൊളിക്കല്‍; പരിസ്ഥിതി നാശത്തെക്കുറിച്ച് കേരള ഹരിത ട്രൈബ്യൂണൽ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിൽ സമർപ്പിച്ച ഹരജിയിലാണ് ഹരിത ട്രൈബ്യൂണൽ കേരള ബെഞ്ചിന്‍റെ ഉത്തരവ്
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയതു മൂലം ഉണ്ടായ പരിസ്ഥിതി നാശത്തെക്കുറിച്ച് കേരള ഹരിത ട്രൈബ്യൂണൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് റിപ്പോർട്ട് തേടി. ഒക്ടോബർ നാലിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ബോർഡിന് നിർദേശം.
തിരുവനന്തപുരം പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിൽ സമർപ്പിച്ച ഹരജിയിലാണ് ഹരിത ട്രൈബ്യൂണൽ കേരള ബെഞ്ചിന്‍റെ ഉത്തരവ്.ഫ്ലാറ്റ് പൊളിച്ചുമാറ്റലിനെ തുടർന്ന് പ്രദേശത്തെ കണ്ടൽച്ചെടികൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും ബോർഡ് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ആൽഫ സെറീൻ, ഗോൾഡൻ കായലോരം, H2O ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ് എന്നി ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളി ച്ച് നീക്കിയത്. മരടിലെ അപ്പാർട്ട്മെന്റുകളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിലും പൊളിച്ചുമാറ്റുന്നതിലും 2016 ലെ മാലിന്യനിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പാലിച്ചില്ലെന്നണ് ഹരജിക്കാരന്‍റെ ആരോപണം.
ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട സുപ്രിം കോടതി, അപ്പാർട്ട്മെന്‍റുകളുടെ നിർമാണം മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തിന്‍റെ ചോദ്യത്തിലേക്ക് കടന്നില്ല. CRZ ലംഘനങ്ങൾ മാത്രമായി പരിഗണിക്കുകയും പൊളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു, നിർമ്മാതാക്കളിൽ നിന്ന് പാരിസ്ഥിതിക പുനഃസ്ഥാപനച്ചെലവ് ഈടാക്കി പരിസ്ഥിതി സംരക്ഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വിദഗ്ധരുടെ ഒരു കമ്മിറ്റി വിലയിരുത്തിയ ശേഷം പാരിസ്ഥിതിക നഷ്ടപരിഹാരം കണക്കാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ട്രൈബ്യൂണൽ ഒക്ടോബർ 4 ന് വീണ്ടും ഈ ഹരജി പരിഗണിക്കും.