മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായി മേപ്പാടിയിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രകടനം
മുൻ ജില്ലാ ട്രഷറർ യഹിയാഖാൻ തലക്കലിനെതിരായ പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്
മേപ്പാടി: മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായി മേപ്പാടിയിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രകടനം. മുൻ ജില്ലാ ട്രഷറർ യഹിയാഖാൻ തലക്കലിനെതിരായ പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. യഹിയാഖാനെതിരായ തുടർച്ചയായ പാർട്ടി നടപടികൾ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആയിരുന്ന യഹിയാഖാൻ തലയ്ക്കലിനെ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടി നേതാക്കളെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു നടപടി.
നേരത്തെ സമസ്ത നേതാക്കളെ അപമാനിച്ചു എന്നാരോപിച്ച് ജില്ലാ ട്രഷറർ സ്ഥാനത്തു നിന്നും യഹിയാ ഖാനെ നീക്കിയിരുന്നു. എന്നാൽ, കെ.എം ഷാജിയുടെ അടുത്ത അനുയായിയായ യഹിയാഖാനെ രാഷ്ട്രീയമായി നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അദ്ദേഹത്തിനെതിരായ തുടർച്ചയായ നടപടികൾ എന്നാരോപിച്ചാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്.
റിപ്പൺ തലക്കലിൽ നടന്ന പ്രകടനത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദിനതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയർന്നു. യഹിയ ഖാനെതിരായ നടപടി പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്താനാണ് പ്രവർത്തകരുടെ തീരുമാനം.