'കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമം'; കഞ്ചിക്കോട് ബ്രൂവറിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം

സർക്കാർ തീരുമാനം ദുരൂഹമാണ്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Update: 2025-01-16 11:02 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം ദുരൂഹമാണ്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്തണമെന്നും സതീശൻ പറഞ്ഞു. ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നിൽ വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അനുമതി നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും, പ്രതിപക്ഷ ആരോപണം സ്വാഭാവികമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് മറുപടി നൽകി. 

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത്. കഴിഞ്ഞ മദ്യനയത്തിന്റെ ഭാഗമായെടുത്ത തീരുമാനത്തിന്റെ തുടർച്ചയായിരുന്നു നടപടിയെന്നാണ് സർക്കാറിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് വൻ അഴിമതിയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. 

പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെൻഡർ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാൻ അനുമതി കൊടുത്തതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോൾ വീണ്ടും അനുമതി കൊടുത്തിരിക്കുന്നത്. 

2022ൽ ബ്രൂവറി അനുവദിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നെങ്കിലും പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പിന്നോട്ട് പോവുകയായിരുന്നു. സർക്കാർ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോൾ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള തിരുമാനത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം വിമർശിച്ചു.

എന്നാൽ, ഒയാസിസിന് ബ്രൂവറി ലൈസൻസ് അടക്കം അനുവദിച്ചത് ടെൻഡർ അടക്കം മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെൻഡർ നൽകിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയത്. എക്‌സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കൃഷിക്കും തൊഴിലവസരങ്ങൾക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. പ്രതിപക്ഷ ആരോപണം സ്വഭാവികമെന്നും എംബി രാജേഷ് പ്രതികരിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News