സംസ്ഥാനത്ത് ജൂലൈ മാസവും ഡെങ്കി കേസുകൾ കൂടുമെന്ന് ആരോഗ്യ വകുപ്പ്
27 പേരാണ് ജൂൺ മാസത്തിൽ മാത്രം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം കൂടി ഡെങ്കിപ്പനി പടരുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഈ വർഷം ജൂണിൽ മാത്രം 6006 രോഗികളാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. എന്നാൽ 1806 പേർക്കേ ഔദ്യോഗികമായി ഡെങ്കി സ്ഥിരീകരിച്ചിട്ടുള്ളൂ ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല. 27 പേരാണ് ജൂൺ മാസത്തിൽ മാത്രം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചത്.
ഡെങ്കിയുടെ നാല് വകഭേദങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 80 ശതമാനം ആളുകൾക്കും നേരത്തേ തന്നെ ഡെങ്കി വന്നുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. ഇവർക്ക് വീണ്ടും ഏതെങ്കിലും ഒരു ടൈപ്പ് ഡെങ്കി വന്നാൽ ഗുരുതര സാഹചര്യമുണ്ടാകും. ജൂലൈ മാസത്തിലും ഡെങ്കി കേസുകൾ കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. കാലവർഷം കൂടി കനക്കുന്നതോടെ രോഗികളുടെ എണ്ണവും കൂടും. സംസ്ഥാനത്ത് നിലവിൽ 138 ഡെങ്കി ഹോട്ട്‌സ്‌പോട്ടുകളുണ്ട്.
2017ലാണ് സംസ്ഥാനത്ത് ഡെങ്കി പടർന്നുപിടിച്ചത്. 21,193 പേർക്ക് രോഗം ബാധിച്ച ഈ വർഷം 165 രോഗികൾ മരിച്ചു. ജൂണിലും ജൂലൈയിലുമായി 10640 പേർക്കാണ് അന്ന് ഡെങ്കി ബാധിച്ചത്, ഇതിൽ 103 രോഗികൾക്ക് ജീവൻ നഷ്ടമായി.
2017ൽ ഡെങ്കി പകർച്ചവ്യാധിയുണ്ടായപ്പോൾ സ്വീകരിച്ച മുൻകരുതലാണ് ഇപ്പോൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കൊതുകിനെ ഉറവിടത്തിൽ തന്നെ നശിപ്പിച്ച് ഡെങ്കി വ്യാപനം തടയാനുള്ള ശുചീകരണപ്രവർത്തനങ്ങൾ ഈ മാസം മുഴുവൻ തുടരും. ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് മരണനിരക്ക് കുറക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.