സർക്കാർ സ്പോർട്സ് സ്കൂളിൽ ദലിത് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കൽ: പട്ടികജാതി വകുപ്പിന്റെ വാദം പൊളിയുന്നു
മൂന്ന് വിദ്യാർഥികളും ആദ്യ അഞ്ച് റാങ്കുകളിൽ ഉൾപ്പെട്ടിരുന്നു
തിരുവനന്തപുരം: വെള്ളായണി അയങ്കാളി മൊമോറിയൽ സർക്കാർ സ്പോർട്സ് സ്കൂളിൽ നാല് ദലിത് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതിൽ പട്ടികജാതി വകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു. വിദ്യാർഥികളായ അജന്യ, വിധുഷ, ഹൃദ്യ എന്നിവർ ആദ്യ അഞ്ച് റാങ്കുകളിൽ ഉൾപ്പെട്ടിരുന്നതായുള്ള പട്ടിക പുറത്തുവന്നു.
കൂടാതെ മുൻവർഷങ്ങളിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 2018ൽ 18 കുട്ടികൾക്കാണ് വിവിധ ക്ലാസുകളിൽ അധികമായി പ്രവേശനം നൽകിയത്.
30 കുട്ടികൾക്കാണ് ഒഴിവായുണ്ടായിരുന്നതെന്നും ഇത് പൂർത്തിയായത് കൊണ്ടാണ് മറ്റിടങ്ങളിൽ പ്രവേശനം നൽകാൻ സൗകര്യം ഒരുക്കിയതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, ആദ്യ അഞ്ച് റാങ്കിൽ ഉൾപ്പെട്ടിട്ടും എന്തുകൊണ്ട് പ്രവേശനം നൽകിയില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ചോദിക്കുന്നു. വെള്ളായണി സ്കൂളിൽ തന്നെ പ്രവേശനം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ കുറവാണെന്നും കുട്ടികൾ ചൂണ്ടിക്കാട്ടി. പ്രവേശനം നേടുംവരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
വെള്ളായണി സ്കൂളിൽ ദലിത് പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിൽ പട്ടികജാതി വികസന വകുപ്പ് കഴിഞ്ഞദിവസം ഇടപെട്ടിരുന്നു. വകുപ്പിന് കീഴിലെ മറ്റു സ്പോർട്സ് സ്കൂളുകളിൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിക്കൊണ്ടുള്ള ഉത്തരവും പുറത്തിറക്കി. വകുപ്പിന് കീഴിലെ പത്തനംതിട്ട തിരുവല്ലയിലെയും ഇടുക്കി നെടുങ്കണ്ടത്തെയും സ്പോർട്സ് സ്കൂളുകളിലാണ് പ്രവേശനം നൽകാൻ തീരുമാനിച്ചത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
വിദ്യാർഥികളുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു മീഡിവണിനോട് പറഞ്ഞു. അർഹതയുള്ളവർക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ബന്ധപ്പെട്ടവരോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.