കെ-റെയിലിന്റെ പേരിൽ ബാങ്ക് വായ്പ നിഷേധിച്ചു; ഈടുവെച്ച ഭൂമി അലൈമെന്റിലെന്ന് ബാങ്ക്
ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയിരുന്നു. സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നൽകിയില്ലെന്നും പത്തനംതിട്ട കുന്നന്താനം സ്വദേശി രാധമണിയമ്മ പറഞ്ഞു.
പത്തനംതിട്ട സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചു. പത്തനംതിട്ട കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയിരുന്നു. സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നൽകിയില്ലെന്നും രാധമണിയമ്മ പറഞ്ഞു.
''2019 മാർച്ചിലാണ് മകന്റെ വീട് നിർമാണത്തിനായി ചെങ്ങരച്ചിറ സൗത്ത് ഇന്ത്യൻ ബാങ്കിൽ രാധമണിയമ്മ ലോണിനായി സമീപിക്കുന്നത്. 22 സെന്റ് വസ്തു ഈട് വെച്ചാണ് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടത്. ലോൺ അനുവദിക്കുകയും അഞ്ച് ലക്ഷം രൂപ ആദ്യ ഗഢുവായി നൽകുകയും ചെയ്തു. പിന്നീടാണ് ഈട് വെച്ച സ്ഥലത്തിൽ കെ-റെയിൽ കടന്നുപോകുന്നതെന്ന് മനസ്സിലാക്കി ബാക്കി തുക അനുവദിക്കാനാവില്ലെന്നും നൽകിയ തുക തിരികെ നൽകണമെന്നും ബാങ്ക് അധികൃതർ അറിയിച്ചത്.'' രാധമണിയമ്മ പറഞ്ഞു.
നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ കൃത്യമായി മറുപടി നൽകിയിരുന്നില്ല. മുൻകൂർ അനുമതിയില്ലാതെ വീട്ടിൽ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗം നടത്താൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് ആദ്യ വിശദീകരണ യോഗം നടക്കും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടിയും ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.