'മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛൻ

ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ. സുധാകരൻ എംപി സമ്മതിച്ചിരുന്നു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ. സുധാകരൻ പറഞ്ഞു.

Update: 2022-07-25 07:22 GMT
Advertising

കണ്ണൂർ: മരിച്ചിട്ടും തന്റെ മകനെ വീണ്ടും കൊന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ അച്ഛൻ. സുധാകരനും കോൺഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാവുന്നില്ല. കുടുംബത്തെയും അപമാനിക്കുന്നു, താങ്ങാനാവത്തതുകൊണ്ടാണ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ധീരജിന്റെ അച്ഛൻ മാധ്യമങ്ങളോട് സംസാരിച്ചത്.

കോൺഗ്രസ് കുടുംബമായ തന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും സുധാകരൻ തയ്യാറായില്ല. ഇരന്നുവാങ്ങിയ മരണം എന്ന് സുധാകരൻ പറയുമ്പോൾ കൊന്നത് കോൺഗ്രസ് തന്നെയെന്ന് സമ്മതിക്കുകയാണ്. കള്ളും കഞ്ചാവും അടിച്ചു നടന്നു എന്ന് പറഞ്ഞ് പൊതുസമൂഹത്തിൽ മകനെ വീണ്ടും അപമാനിക്കുന്നു. ജീവിതത്തിൽ ലഹരി ഉപയോഗിക്കാത്ത ആളായിരുന്നു ധീരജ് എന്നും പിതാവ് പറഞ്ഞു.

ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ. സുധാകരൻ എംപി സമ്മതിച്ചിരുന്നു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ. സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല. കെഎസ്‌യു കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ പോയവരാണ്. അവരെ ഡിവൈഎഫ്‌ഐ, സിപിഎം, എസ്എഫ്‌ഐ പ്രവർത്തകർ ഉപദ്രവിക്കാൻ വളഞ്ഞപ്പോൾ രക്ഷപ്പെടാനായി ഓടി .

അവർ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരേയും കൊല്ലാൻ നിന്നവരല്ല. അക്രമത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം ദൂരം പുറകേ ഓടിച്ചു. ഒടുവിൽ അവർ തളർന്ന് വീണ ഇടത്താണ് സംഭവം. കെഎസ്‌യു പ്രവർത്തകരോ നിഖിൽ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ്എഫ്‌ഐക്കാർ പോലും സാക്ഷി പറഞ്ഞിട്ടുമില്ല, അക്രമി സംഘത്തിൽനിന്ന് രക്ഷപ്പെട്ടോടിയ നിഖിൽ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താൻ പറഞ്ഞതെന്നും കെ.സുധാകരൻ വിശദീകരിച്ചിരുന്നു. ജനുവരി 10 നായിരുന്നു ഇടുക്കി എഞ്ചിനീയറിങ് കോളജ്‌ വിദ്യാർഥി ധീരജ് കോളജ്‌ വളപ്പിൽ കൊല്ലപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News