എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം;പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
എട്ട് പ്രതികളുള്ള കേസിൽ 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്
ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എട്ട് പ്രതികളുള്ള കേസിൽ 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ധീരജിന്റെ കൊലപാതകം സംഭവിച്ച് 80 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഒന്നാം പ്രതി നിഖിൽ പൈലിയൊഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ സുപ്രധാന തെളിവായ കത്തി ഇതുവരെ കണ്ടടുക്കാനായില്ല. ജനുവരി പത്തിനായിരുന്നു ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് 160 സാക്ഷികളെയാണ് പൊലീസ് വിസ്തരിച്ചത്. 150 രേഖകളും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ, ഈ ധീരജിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കൊലപാതകം കൊലപാതക ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.