കേരള ശാസ്ത്ര കോണ്‍ഗ്രസ്; പ്രബന്ധാവതരണത്തില്‍ നേട്ടമുണ്ടാക്കി ഭിന്നശേഷിക്കാരായ കുട്ടികള്‍
ശബ്ദമലിനീകരണത്തിൻറെ ദോഷവശങ്ങളും കറിയുപ്പ് ഉപയോഗിച്ചുള്ള പരീക്ഷണവും തുടങ്ങി വിവിധ വിഷയങ്ങൾ വിശദമായിത്തന്നെ ഈ കുരുന്നുകൾ അവതരിപ്പിച്ചു
ശാസ്ത്രലോകത്തിന് പുതിയ താരങ്ങളെ സംഭാവന ചെയ്ത് തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍. പ്രബന്ധാവതരണത്തിനാണ് ഭിന്നശേഷി കുട്ടികളുടെ നേട്ടം. 9 വിഷയങ്ങളില്‍ ഗവേഷണം നടത്തിയാണ് കുട്ടികള്‍ പ്രബന്ധം അവതരിപ്പിച്ചത്.
34-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലാണ് കുട്ടികള്‍ പ്രബന്ധം അവതരിപ്പിച്ചത്. ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രം, എം.ആര്‍, വിഷാദരോഗം, കാഴ്ചപരിമിതര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ഇവര്‍. ശബ്ദമലിനീകരണത്തിന്‍റെ ദോഷവശങ്ങളും കറിയുപ്പ് ഉപയോഗിച്ചുള്ള പരീക്ഷണവും തുടങ്ങി വിവിധ വിഷയങ്ങള്‍ വിശദമായിത്തന്നെ ഈ കുരുന്നുകള്‍ അവതരിപ്പിച്ചു. ശാസ്ത്രജ്ഞരുടെ ഓരോ ചോദ്യത്തെയും പ്രതിഭാമികവുകൊണ്ട് കുട്ടികള്‍ മറികടന്നു. അവതരണം കഴിഞ്ഞ തൊട്ടുപിന്നാലെ ഗോള്‍ഡ് മെഡല്‍ പ്രഖ്യാപനവും എത്തി. വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരുന്നതിനായി കൂടുതല്‍ കുട്ടികളെ പരിശീലിപ്പിച്ചു വരികയാണെന്ന് ഡിഫറന്‍റ് ആര്‍ട് സെന്‍ററിന് നേതൃത്വം നല്‍കുന്ന ഗോപിനാഥ് മുതുകാട് പറഞ്ഞു.
നിറഞ്ഞ കണ്ണുകളുമായാണ് അവതരണശേഷം അമ്മമാര്‍ കുട്ടികളെ സ്വീകരിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സന്ദേശങ്ങളാണ് ഗവേഷണ ഫലങ്ങളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.