മനുഷ്യനാണ് പ്രഥമ പരിഗണന; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ഭിന്നശേഷി കമ്മീഷണർ

സംഭവത്തിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടും.

Update: 2023-06-12 11:09 GMT
Advertising

കണ്ണൂർ: തെരുവുനായകളുടെ ആക്രമണത്തിൽ 11കാരൻ നിഹാൽ കൊല്ലപ്പെട്ട സംഭവത്തിൽ‌ സ്വമേധയാ കേസെടുക്കുമെന്ന് ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ. ഭിന്നശേഷിക്കാരനായ ഒരു കുട്ടി ഇത്ര ദാരുണമായി കൊല്ലപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്.

സംഭവത്തിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടും. റിപ്പോർട്ട് കിട്ടിയ ശേഷം വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. മനുഷ്യനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിഹാലിന് നാട് കണ്ണീരോടെ വിട നൽകി. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം 15 മിനിറ്റ് പൊതുദർശനത്തിന് വച്ച ശേഷം കെട്ടിനകം പള്ളിയിലെത്തിച്ചു.

ഇവിടെ നടന്ന പൊതുദർശനത്തിൽ മന്ത്രി വി.എൻ വാസവനും എംഎൽഎമാരും നാട്ടുകാരുമടക്കം നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

തെരുവുനായകളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട, സംസാരശേഷി പോലുമില്ലാത്ത 11കാരന്റെ മരണം നാടിന് തീരാനോവായി മാറി. രാവിലെ മുതൽ നിഹാലിന്റെ വീട്ടിലേക്ക് അവനെ അവസാനമായി ഒരു നോക്കുകാണാൻ ജനപ്രവാഹമായിരുന്നു.

ഇന്നലെ വൈകീട്ടായിരുന്നു തെരുവുനായകളുടെ ആക്രമണത്തിൽ നിഹാൽ കൊല്ലപ്പെട്ടത്. വീട്ടുകാരറിയാതെ അയൽവീട്ടിലേക്ക് പോയ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ ഒന്ന് ഒച്ചവയ്ക്കാൻ പോലുമായില്ല. അതിനാൽ തന്നെ നാട്ടുകാരും സംഭവം അറിഞ്ഞില്ല.

തുടർന്ന് ഏഴോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് സമീപത്തെ വീടിന്റെ പിറകിൽനിന്ന് ചോരയിൽ കുളിച്ച് ബോധരഹിതനായ നിലയിൽ രാത്രി എട്ടരയോടെ നിഹാലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News