'മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

പദ്ധതി സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ജനത്തോടു കാണിക്കുന്ന ഗുരുതരമായ ക്രമക്കേടും വഞ്ചനയും ആയിരിക്കുമെന്ന് ചെന്നിത്തല

Update: 2024-12-15 11:48 GMT
Editor : ശരത് പി | By : Web Desk
Advertising

മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നൽകിയത്. കർശനവും വേഗത്തിലുമുള്ള തീരുമാനം ഉണ്ടാകണമെന്ന് ചെന്നിത്തല കത്തിൽ കുറിച്ചു. പദ്ധതി സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ജനത്തോടു കാണിക്കുന്ന ഗുരുതരമായ ക്രമക്കേടും വഞ്ചനയും ആയിരിക്കുമെന്നും അദേഹം കുറിച്ചു.

കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതി കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പിണറായി സർക്കാരിന്റെ അഴിമതികളുടെ കൂട്ടത്തിൽ മറ്റൊരു പൊൻതൂവലാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.30 വർഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാർ കലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേർന്ന് നീട്ടിനൽകാൻ ശ്രമിക്കുന്നത്. 45000 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിനും അതിന്റെ ബാധ്യത ഏറ്റുവാങ്ങുന്ന ജനങ്ങൾക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

യൂണിറ്റിന് 50 പൈസക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന നിലയമാണിത്. കരാർ കാലാവധി കഴിഞ്ഞ് കെഎസ്ഇബി ഏറ്റെടുത്തിരുന്നെങ്കിൽ അതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടുമായിരുന്നു. എന്നാൽ മുടന്തൻ വാദഗതി ഉയർത്തി ഒരു ചർച്ചയും നടത്താതെണ് മൂവർ സംഘം ഈ കമ്പനിക്ക് തന്നെ വീണ്ടും നൽകുന്നത്. കാർബോറണ്ടത്തിന് കരാർ നീട്ടിനൽകുന്നതിനുള്ള കെഎസ്ഇബിയുടെ എതിർപ്പിനെ അവഗണിച്ച് നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്നിൽ കോടികളുടെ കോഴയിടപാടാണെന്നും സുധാകരൻ ആരോപിച്ചു.കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കി ഉയർന്ന വിലയക്ക് വൈദ്യുതി വാങ്ങുന്ന കരാർ ഉണ്ടാക്കിയ അഴിമതിയുടെ തുടർച്ചയാണ് കാർബോറണ്ടത്തിന് കരാർ കാലാവധി നീട്ടിനൽകുന്നതിലും നടന്നിരിക്കുന്നത്. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതിയെ അഴിമതിയിൽ മുക്കിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നും ഈ കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ.സുധാകരൻ പറഞ്ഞു.



Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News