'നടിയെ പ്രോസിക്യൂഷൻ അതിജീവിതയെന്ന് പ്രഖ്യാപിച്ചതെങ്ങനെ?'; ഗുരുതര ആരോപണവുമായി ദിലീപ്
'നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചു'
കൊച്ചി: നടിയെ ആക്രമിച്ചകേസിൽ നടിക്കും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. വിഷയം വിചാരണാ കോടതി പരിശോധിച്ചു വരികയാണ്. അതിനിടെ അതിജീവിതയെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചതെങ്ങനെയെന്ന് ദിലീപ് ചോദിച്ചു.
നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചു. നടിക്കെതിരെ ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്. അക്രമിച്ച് പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണെന്നും ദിലീപ് പറയുന്നു. കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിലാണ് ദിലീപിന്റെ ആരോപണം.
അതിജീവിതയ്ക്കും മുൻ ഭാര്യക്കും എതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയാണ് ദിലീപ് ഹരജി സമർപ്പിച്ചത്. ഇരുവർക്കും ഡിജിപി റാങ്കിലേ പൊലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. കേസിനു ആധാരം ഈ ബന്ധമാണ്. ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാണ് കുടുക്കാൻ ശ്രമിക്കുന്നത്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ പാടില്ല. പലവിധത്തിൽ വിചാരണ നീട്ടികൊണ്ടുപോകാന് ശ്രമിക്കുന്നത്. വിചാരണാ കോടതിയിലെ ജഡ്ജിക്ക് സ്ഥാനക്കയറ്റം കിട്ടിപോകുന്നത് വരെ വിചാരണ നീട്ടാനാണ് ശ്രമം. തുടരന്വേഷണ റിപ്പോർട്ട് ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവും ഹരജിയിലൂടെ മുന്നോട്ട് വയ്ക്കുന്നു. താൻ നേരിടേണ്ടി വന്ന മാധ്യമ വിചാരണയെക്കുറിച്ചും ദിലീപ് ഹരജിയിൽ സൂചിപ്പിക്കുന്നുണ്ട്.
ഒരു അഭിമുഖത്തിൽ അതിജീവിത എന്ന് ഉപയോഗിച്ചിരുന്നു. മാധ്യമ വിചാരണയുടെ ക്രൂശിക്കപ്പെടുകയാണുണ്ടായത്. വിചാരണ നേരത്തെയാക്കണമെന്നു ആവശ്യപ്പെട്ട് ദിലീപ് നേരത്തെയും ഹരജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ഖാൻ വിൽക്കറാണ് മുൻകാലങ്ങളിൽ ഹരജി പരിഗണിച്ചിരുന്നത് . അദ്ദേഹം വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിക്കുന്ന മറ്റൊരു ബഞ്ച് വാദം കേൾക്കും