പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി
തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി വിചാരണാക്കോടതി തള്ളി. തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി . ദിലീപ് കേസിലെ സാക്ഷികളായ വിപിൻ ലാൽ, ദാസൻ, സാഗർ വിൻസന്റ് ,ഡോ ഹൈദരലി,ശരത് ബാബു,ജിൻസൻ സ്വാധീനിച്ചുവെന്നായിരുന്നു പരാതി. തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തിലാണ് ഹരജി തള്ളിയത്.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. നടിയെ അക്രമിച്ച കേസിൽ ഹൈക്കോടതി ദീലീപിന് ജാമ്യം നൽകിയപ്പോൾ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നതുമായിരുന്നു. എന്നാൽ സാക്ഷിയായ ആലുവയിലെ ഡോ. ഹൈദരലിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചു, കേസിൽ നിർണായകമാകേണ്ട ഫോണിലെ തെളിവുകൾ നശിപ്പിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ ദിലീപ്, സഹോദരൻ അനൂപ്, ശരത്, സുരാജ്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.