ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും ഇന്ന് ചോദ്യംചെയ്യും

പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെ തുടർന്നാണ് ചോദ്യംചെയ്യൽ

Update: 2022-02-21 01:45 GMT
Advertising

വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടർന്നാണ് ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലാണ് ഇന്ന് നടക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യൽ. അനൂപിനോട് കഴിഞ്ഞ ആഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനൂപ് ഹാജരായിരുന്നില്ല. ഇതേ തുടർന്ന് രണ്ടാമതും അന്വേഷണ സംഘം നോട്ടീസ് നൽകുകയായിരുന്നു. അനൂപിന്‍റെയും സുരാജിന്‍റെയും ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമേ ദിലീപിനെ ചോദ്യംചെയ്യേണ്ടത് എപ്പോൾ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികള്‍ക്ക് മുൻകൂർജാമ്യം നൽകിയപ്പോൾ ഹൈക്കോടതി നിർദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്‍റെ ഹർജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷി ചേരാൻ ഇന്ന് അപേക്ഷ സമർപ്പിച്ചേക്കും. പരാതിക്കാരിയായ തന്‍റെ ഭാഗം കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുത് എന്നും നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News