നയതന്ത്ര സ്വര്‍ണക്കടത്ത്: കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും
കോണ്‍സുല്‍ ജനറലിനും അറ്റാഷെക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് സൂചന. ഇതിന് ശേഷം മാത്രമേ കസ്റ്റംസിന് തുടര്‍നടപടികള്‍ സാധ്യമാകൂ.
തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷമായെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. കോണ്‍സുല്‍ ജനറലിനും അറ്റാഷെക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് സൂചന. ഇതിന് ശേഷം മാത്രമേ കസ്റ്റംസിന് തുടര്‍നടപടികള്‍ സാധ്യമാകൂ.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ 53 പ്രതികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാണ് കസ്റ്റംസ് നടത്തിയ ഏറ്റവും ഒടുവിലത്തെ നടപടി. മൂന്നാഴ്ച മുന്‍പ് മാത്രമാണ് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ അല്‍ സാബിക്കും അറ്റാഷെ റാഷിദ് ഖാമിസ് അലിക്കും നോട്ടീസ് നല്‍കിയത്. കള്ളക്കടത്ത് കേസുകളിലെ പ്രതികളുടെ ബന്ധവും അതിന് കസ്റ്റംസ് നിയമപ്രകാരം എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് ചോദിച്ചുകൊണ്ടുമാണ് നോട്ടീസുകൾ അയച്ചിരിക്കുന്നത്.
53 പ്രതികളില്‍ പകുതി പേരില്‍ നിന്നെങ്കിലും മറുപടി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ ആരംഭിക്കും. പ്രതികളുടെ മറുപടി കസ്റ്റംസിലെ തന്നെ പ്രത്യേക കമ്മിറ്റി പരിശോധിക്കും. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും കുറ്റപത്രം തയ്യാറാക്കുക. കോണ്‍സുല്‍ ജനറലും അറ്റാഷെയും തൃപ്തികരമായ മറുപടിയല്ല തരുന്നതെങ്കില്‍ കസ്റ്റംസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കും.
ഇതിന് ശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂ. 2020 ജൂലൈ 5ന് അറ്റാഷെയുടെ സാന്നിധ്യത്തിലാണ് സ്വര്‍ണം അടങ്ങിയ ബാഗ് തുറന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം വന്നത് കോണ്‍സുലേറ്റിന്റെ അറിവോടെയല്ല എന്നായിരുന്നു അന്ന് അറ്റാഷെയുടെ വിശദീകരണം. ഇതും കസ്റ്റംസ് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.