ലക്ഷദ്വീപിന് വേണ്ടത് സ്വാതന്ത്ര്യം, കേരളം ഒപ്പമുണ്ടാകണം: ഐഷ സുല്‍ത്താന
''ഫാഷിസ്റ്റ് നയങ്ങളാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടേത്. അനീതികളെ ചോദ്യംചെയ്യാന്‍ ഒപ്പമുണ്ടാകണം'
ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളിൽ നിന്നും ദ്വീപിനെ രക്ഷിക്കണം. ദ്വീപുകാർ ഇനിയൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ട സാഹചര്യമാണുള്ളത്. ദ്വീപിലെ മണ്ണിൽ ജനിച്ച് വളർന്ന ഐഷ നിലവിലെ അവസ്ഥ മീഡിയവണിനോട് പങ്കുവെച്ചു.
"അംഗനവാടികള്‍ പാടേ അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് എന്നേയ്ക്കുമായി ഒഴിവാക്കി. ഇത് എന്ത് നയമാണ്? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. പക്ഷേ ലക്ഷദ്വീപിന് ഇതുവരെയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. വളരെ പരിതാപകരമാണ് അവസ്ഥ. ശരിക്കും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവ് തന്നെ. ചെറിയ കുട്ടികളടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥലമാണ് അത്. ആശുപത്രികള്‍ ഇല്ലാത്തതുകൊണ്ട് കോവിഡ് പടര്‍ന്നാലുള്ള ബുദ്ധിമുട്ട് എല്ലാവര്‍ക്കുമറിയാം. സീറോ കോവിഡ് ആയിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ കാരണം ഇന്ന് നൂറിലേറെ കോവിഡ് രോഗികളുണ്ട്.
തീരസംരക്ഷണത്തിന്‍റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുനീക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ താത്കാലിക ജീവനക്കാരെയും ടൂറിസം ഡിപാര്‍ട്മെന്‍റിലെ 190 പേരെയും പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്ട്രേറ്ററോട് ചോദ്യംചോദിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതാകും. ലക്ഷദ്വീപുകാര്‍ക്ക് പടച്ചോന്‍റെ മനസ്സാണ് എന്നാണ് ഇവിടെ വന്നുപോകുന്നവര്‍ ആതിഥ്യമര്യാദയെ കുറിച്ച് പറയാറുള്ളത്. അത്രയും സമാധാനപ്രിയരാണ് ഇവിടെയുള്ളത്. കൊല്ലും കൊലയുമില്ലാത്ത ഇങ്ങനെയുള്ള സ്ഥലത്ത് എന്തിനാണ് ഗുണ്ടാ ആക്റ്റ്? വികസനത്തിന് ഞങ്ങളാരും എതിരല്ല. പക്ഷേ അതിന് മുന്‍പ് നാട്ടിലെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മനസ്സിലാക്കണം. ഇവിടെ ഏറ്റവും വലിയ ആവശ്യം ആശുപത്രിയാണ്. തൊഴിലില്ലായ്മയാണ് മറ്റൊരു ബുദ്ധിമുട്ട്.
ഒരുതരം പുകച്ചുപുറത്തുചാടിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. തികച്ചും ഫാഷിസ്റ്റ് നയമാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടേതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇപ്പോള്‍ ലക്ഷദ്വീപില്‍ നടക്കുന്നത് ഒരു ദുരുദ്ദേശം വെച്ചുള്ള കളിയാണ്. ഞങ്ങള്‍ തെരഞ്ഞെടുത്ത ഞങ്ങളുടെ ജനപ്രതിനിധിക്ക് എന്ത് ശബ്ദമാണുള്ളത്. ഞങ്ങള്‍ക്ക് വേണ്ടത് കേരളത്തിന്‍റെ സഹായമാണ്. ഒപ്പമുണ്ടാകണം. ബേപ്പൂരിലേക്കുള്ള ഗതാഗതം അവര്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. അനീതികളെ ചോദ്യംചെയ്യാന്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകണം".