പ്രതി പ്രബലന്‍, അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറും: ബാലചന്ദ്രകുമാര്‍
"എനിക്ക് പ്രത്യേകിച്ച് ദുഖവുമില്ല, സന്തോഷവുമില്ല. എന്‍റെ മൊഴികളും തെളിവുകളും അന്വേഷണ സംഘം കൃത്യമായി ബോധിപ്പിച്ചിട്ടുണ്ട്"
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പ്രതി പ്രബലനാണ്. തെളിവ് നശിപ്പിക്കാൻ പ്രതിക്ക് സമയം ലഭിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
"എനിക്ക് പ്രത്യേകിച്ച് ദുഖവുമില്ല, സന്തോഷവുമില്ല. എന്‍റെ മൊഴികളും തെളിവുകളും അന്വേഷണ സംഘം കൃത്യമായി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും സാക്ഷി എന് നിലയില്‍ എന്‍റെ മുന്നോട്ടുള്ള യാത്ര. ഒരു മുന്‍കൂര്‍ ജാമ്യത്തില്‍ ഇത്രത്തോളം നടപടിക്രമങ്ങള്‍ നമ്മുടെ കാലത്ത് ആദ്യമായിട്ടിരിക്കുമെന്ന് ഒരുപാട് നിയമ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്ത് എടുക്കാനും സമയം കിട്ടി. പ്രതി സാധാരണക്കാരനല്ല പ്രബലനാണെന്ന് കേരളത്തിലുള്ള എല്ലാവര്‍ക്കും മനസ്സിലായി. ഫോണ്‍ നല്‍കുന്ന കാര്യത്തില്‍ പ്രതി കോടതിയോട് അങ്ങോട്ട് നിബന്ധന വെയ്ക്കുകയായിരുന്നു. എനിക്കെതിരായ പീഡന പരാതി ദിലീപും സഹായികളും ചേർന്ന് കെട്ടിച്ചമച്ചതാണ്"- ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം, പാസ് പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് തുടങ്ങിയവയാണ് നിബന്ധനകള്‍. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചാണ് കോടതിയുടെ നടപടി. രാവിലെ 10.26നാണ് കോടതി വിധി പ്രസ്താവം നടത്തിയത്. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷൻ രേഖാമൂലം കോടതിയിൽ ചില കാര്യങ്ങൾ എഴുതി നൽകിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തിയത്. എന്നാല്‍ ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്താണ് കോടതി വിധിപ്രസ്താവം നടത്തിയത്.
പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ കോടതിയില്‍ മറുപടി വാദം എഴുതി നൽകിയിരുന്നത്. എൻ.ആർ.ഐ ബിസിനസുകാരന്‍റെ മൊഴി പോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണെന്നാണ് ദിലീപ് പറയുന്നത്. പൊലീസ് സ്‌റ്റേഷനിൽ ചോദ്യംചെയ്യലിനെത്തിയപ്പോഴാണ് ഓഡിയോ കേൾക്കുന്നത്. ഇതിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല. ഓഡിയോ വിദഗ്ധരായവർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.