ഭിന്നശേഷിക്കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; പൊലീസ് നിര്‍ദേശപ്രകാരമെന്ന് ബാങ്ക്
വീൽചെയറിലിരുന്ന് കടലാസ് പേനയും കുടകളും നിർമ്മിച്ചാണ് നൗഷിജ വരുമാനം കണ്ടെത്തുന്നത്
പാലക്കാട്: ഭിന്നശേഷിക്കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് അകാരണമായി മരവിപ്പിച്ചതായി പരാതി.പാലക്കാട് കൊപ്പം പ്രഭാപുരം സ്വദേശി നൗഷിജയുടെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പൊലീസ് നിർദേശപ്രകാരമാണ് നടപടിയെടുത്തത് എന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം
വീൽചെയറിൽ ഇരുന്ന് കടലാസ് പേനയും കുടകളും നിർമ്മിച്ചാണ് നൗഷിജ വരുമാനം കണ്ടെത്തുന്നത്. കൈത്തൊഴിൽ ചെയ്തത് വഴി ലഭിച്ച പണമടങ്ങിയ ബാങ്ക് അക്കൗണ്ട് പൊലീസ് നിർദേശം അനുസരിച്ച് മരവിപ്പിച്ചതാണ് ഇവരെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. ഡിസംബർ 18 ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം അറിയുന്നത്. പൊലീസിൽ ബന്ധപ്പെടാൻ ബാങ്കിൽ നിന്ന് നിർദേശവും ലഭിച്ചു. അഹമ്മദാബാദിലെ സൈബർ സെല്ലിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു കൊപ്പം പൊലീസിന്റെ വിശദീകരണം. നൗഷിജയുടെ അക്കൗണ്ടിൽ വന്ന 3000 രൂപയാണ് നടപടി സ്വീകരിക്കാൻ കാരണമായതെന്ന് അഹമ്മദാബാദ് സൈബർ സെൽ അധികൃതരും അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അഹമ്മദാബാദിലെ ഓഫീസിലെത്തണമെന്ന് അധികൃതർ അറിയിച്ചു. വീൽചെയറിൽ കഴിയുന്ന നൗഷിജക്ക് ഒരു വയസായ കുഞ്ഞുണ്ട്. ഭർത്താവ് പ്രദേശത്തെ തട്ടുകടയിലാണ് ജോലി ചെയ്യുന്നത്. നൗഷിജ കൈത്തൊഴിലിലൂടെ സമ്പാദിച്ച 13000 രൂപയാണ് മരവിപ്പിച്ച അക്കൗണ്ടിലുള്ളത്. നഷ്ടമായ തുക തിരികെ ലഭിക്കാൻ ഇനിയെന്ത് ചെയ്യണമെന്ന് ഈ കുടുംബത്തിന് അറിയില്ല.