ഗവർണറുടെ നയപ്രഖ്യാപനം; സർക്കാർ തീരുമാനത്തിൽ കോൺഗ്രസിൽ ഭിന്നത
തീരുമാനം കേരളത്തിന് ഗുണകരമല്ലെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിൽ വിയോജിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. തീരുമാനം കേരളത്തിന് ഗുണകരമല്ല. ഭരണഘടന പ്രകാരമുള്ള അധികാരങ്ങൾ ഗവർണർക്ക് അംഗീകരിച്ചു കൊടുക്കണം. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു. അതേസമയം സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷം ഇടപെടില്ല എന്നായിരുന്നു വി.ഡി സതീശന്റെ നിലപാട്.
പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ സർക്കാരുമായി പരസ്യമായി പോര് പ്രഖ്യാപിച്ച ഗവർണറോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാനാണ് സർക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപനതലേന്ന് സമ്മർദ്ദത്തിലാക്കിയതിന്‍റെ തുടര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ടാണ് നിര്‍ണായക തീരുമാനത്തിലേക്ക് ഇന്നത്തെ മന്ത്രിസഭ യോഗം എത്തിച്ചേര്‍ന്നത്. നിയമസഭാ സമ്മേളനം അവസാനിച്ചത് മന്ത്രിസഭാ ശിപാർശയോടെ ഗവർണറെ അറിയിക്കാതിരിക്കലാണ് നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ കണ്ട മാർഗം. സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നുവെന്ന് സ്പീക്കർ അറിയിച്ചാലും മന്ത്രിസഭായോഗം ചേർന്ന് സഭ പിരിഞ്ഞതായി ഗവർണറെ അറിയിച്ച് വിജ്ഞാപനം ചെയ്യുമ്പോഴെ നടപടിക്രമം പൂര്‍ത്തിയാകു.
സഭ പിരിയുന്നതായി മന്ത്രിസഭ ശിപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻെറ തുടർച്ചയായി തന്നെ കണക്കാക്കാം. ഇന്നലെ അവസാനിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്‍റെ തുടര്‍ച്ചായയിരിക്കും അടുത്ത മാസം പകുതിയോടെ ചേരാന്‍ പോകുന്ന ബജറ്റ് സമ്മേളനം. പഴയ സമ്മേളന ബാക്കിയായി സഭ ചേരുന്നതിനാൽ നയപ്രഖ്യാപനം ഒഴിവാക്കാം. വീണ്ടും സഭ സമ്മേളിക്കണമെങ്കിൽ മന്ത്രിസഭ ചേർന്ന് തീരുമാനമെടുത്ത് സ്പീക്കറോട് ശിപാർശ ചെയ്താൽ മതി. നിയമസഭയിലെ പുസ്തകോത്സവം കഴിഞ്ഞ ശേഷമേ ഇനി സഭ ചേരുകയുളളു.
ഇത് രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഗവർണറുടെ നയപ്രഖ്യപനം ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവർണർ രാംദുലാരി സിൻഹയുമായി ഇടഞ്ഞപ്പോഴാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ആദ്യമായി തീരുമാനിച്ചത്. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താന്‍ സര്‍ക്കാരിന് കഴിയില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും. അതിനുള്ളില്‍ ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ അയവ് വരും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.