ഉരുൾദുരന്തം: ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിൽ ആരംഭിച്ചു
ആയിരകണക്കിനാളുകളാണ് നിർണായക തിരച്ചിലിൽ പങ്കെടുക്കുന്നത്
മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിൽ ആരംഭിച്ചു. പോത്തുകൽ, മുണ്ടേരി ഭാഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിർണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്, ആരോഗ്യപ്രവർത്തകർ, പോത്തുകൽ പഞ്ചായത്ത് അധികൃതർ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടുസംഘമായാണ് തിരച്ചിൽ നടക്കുക. ഒരോ ടീമിലും സി.ഐ റാങ്കിലുള്ള പൊലീസുകാർ നേതൃത്വം നൽകാനുണ്ടാകും.
ഒരു സംഘം കുമ്പളപാറ വഴി ഉൾവനത്തിലേക്കും മറ്റൊരുസംഘം തലപ്പാലി വഴി ചാലിയാർ പുഴയിലുമായി തിരച്ചിൽ നടത്തും. ഇന്ന് ഇരു ടീമുകൾക്കും സഞ്ചരിക്കാൻ കഴിയുന്ന പരമാവധി ദൂരത്തിൽ തിരച്ചിൽ നടത്തും. വനമേഖലയിലുള്ള തിരച്ചിലിന് വനംവകുപ്പ് ഉദ്യോഗസ്ഥർ മാർഗനിർദേശം നൽകാനുണ്ടാകും. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബോട്ടുകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും.