കെ.എസ്.യു ക്യാമ്പിലെ തമ്മിൽത്തല്ലിൽ അച്ചടക്ക നടപടി ഉറപ്പ്; നടപടിക്ക് ശിപാർശ ചെയ്ത് അന്വേഷണ കമ്മീഷൻ
സംഘർഷത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി
തിരുവനന്തപുരം: കെ.എസ്.യു തെക്കൻ മേഖലാ ക്യാമ്പിലെ തമ്മിൽത്തല്ലിൽ കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യും. സംഘർഷത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി.
ക്യാമ്പിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് കമ്മീഷൻ വിശദീകരണവും ചോദിക്കും.
തമ്മില്‍ത്തല്ലില്‍ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പില്‍ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടില്‍ കണ്ടെത്തലുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.