എം.എസ്.എഫ്-ഹരിത മുൻ നേതാക്കൾക്കെതിരായ അച്ചടക്കനടപടി പിൻവലിച്ചു
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത മുൻ നേതാക്കൾ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട്: എം.എസ്.എഫ്-ഹരിത മുൻ നേതാക്കൾക്കെതിരായ അച്ചടക്കനടപടി മുസ്‌ലിം ലീഗ് പിൻവലിച്ചു. ഹരിത വിവാദത്തെ തുടർന്ന് പുറത്താക്കിയ ഭാരവാഹികളെയാണ് തിരിച്ചെടുത്തത്. എം.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എം ഫവാസ്, ഹരിത മുൻ ഭാരവാഹികളായ നജ്മ തബ്ഷീറ, ഫാത്തിമ തഹ്‌ലിയ, മുഫീദ തസ്‌നി എന്നിവർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. ഇവർ ലീഗ് നേതൃത്വത്തിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത മുൻ നേതാക്കൾ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ആരോപണം ഉന്നയിച്ച ഹരിത നേതാക്കള്‍ക്കൊപ്പം നിലയുറപ്പിച്ച എം.എസ്.എഫ് നേതാക്കളാണ് ജനറൽ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരും സംസ്ഥാന സെക്രട്ടറിയായിരുന്ന ഫവാസും. പാർട്ടി നടപടി നേരിട്ട ശേഷം ലീഗ് നേതൃത്വത്തിനെതിരെ ഇരുവരും പരസ്യ വിമർശനവും ഉന്നയിച്ചിരുന്നു.
തിരിച്ചെടുക്കുന്നവർക്ക് ഉയർന്ന ഘടകത്തിൽ തനെ ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം ആലോചിച്ചിരുന്നു, എന്നാല് എം.എസ്.എഫ് ഭാരവാഹികളുടെ എതിർപ്പിനെ തുടർന്നാണ് പാർട്ടി അംഗത്വം മാത്രം നൽകി അച്ചടക്ക നടപടി പിൻവലിക്കുന്നത്. ഇവർക്കുള്ള ഭാരവാഹിത്വം പ്രാദേശിക തലത്തിൽ അതാത് ഘടകങ്ങൾ ആകും നിശ്ചയിക്കുക. അതേസമയം പുറത്താക്കിയവരെ തിരിച്ചെടുത്തതിൽ കുഞ്ഞാലിക്കുട്ടിയുടെ താൽപര്യമാണ് നടപ്പായതെന്ന് ലീഗ് പുറത്താക്കിയ പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ പറഞ്ഞു. മുൻ എം.എസ്.എഫുകാരുടെ ഇടപെടലിൽ തനിക്കെതിരെ ഇ.ഡി വരുന്നതറിഞ്‍ കുഞ്ഞാലിക്കുട്ടിയുടെ പേടിയാണ് കാരണമെന്നും ഹംസ ആരോപിച്ചു.