വയനാട്ടിൽ പ്രിയങ്കയെ പ്രതീക്ഷിച്ച് കെപിസിസി; മത്സരിച്ചില്ലെങ്കിൽ മുസ്‌ലിം നേതാക്കള്‍ക്ക് അവസരം
യു ഡി എഫ് കണ്‍വീനർ എം എം ഹസന്‍, കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചകളില്‍ ഉയർന്നുകേള്‍ക്കുന്നത്.
വയനാട്: രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയാന്‍ തീരുമാനിച്ചതോടെ പുതിയ സ്ഥാനാർഥി ആരെന്ന ചർച്ചകള്‍ കോൺഗ്രസിൽ സജീവം.. പ്രിയങ്കാ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഇല്ലെങ്കില്‍ കോൺഗ്രസിലെ മുസ്‌ലിം നേതാക്കള്‍ക്ക് അവസരം ലഭിക്കും.
ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റ് നിലനിർത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ വയനാട് ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുതുന്നത്. നിലവില്‍ താല്പര്യം അറിയിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇക്കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നാണ് വിവരം.
പ്രിയങ്കാഗന്ധി ഇല്ലെങ്കില്‍ കേരളത്തിലെ നേതാക്കളിലേക്ക് ചർച്ച വരും. തൃശൂരിലെ തോല്‍വിയിൽ പാർട്ടി നേതൃത്വത്തോട് അതൃപ്തിയുള്ള കെ മുരളീധരന്‍ മുതല്‍ കഴിഞ്ഞ തവണ പരിഗണനാ പട്ടികയിലുണ്ടായിരുന്ന കെ പി നൗഷാദലിയുടേതുള്‍പ്പെടെ പേരുകള്‍ ഉയർന്നുവരുന്നുണ്ട്. മുസ്‌ലിം സ്ഥാനാർഥിക്ക് വിജയ സാധ്യതയുള്ള വയനാട്ടില്‍ കോൺഗ്രസ് മുസ്‌ലിം സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണെന്ന അഭിപ്രായം മുസ്‌ലിം സംഘടനകള്‍ക്കുണ്ട്
സംസ്ഥാനത്ത് പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും മുസ്‌ലിം വോട്ടർമാർ നല്കിയ പിന്തുണ പരിഗണിച്ചാവണം വയനാട്ടിലെ സ്ഥാനാർഥി നിർണയം എന്നാണ് മുസ്‌ലിം സംഘടനകള്‍ പൊതുവെ ആവശ്യപ്പെടുന്നത്. യു ഡി എഫ് കണ്‍വീനർ എം എം ഹസന്‍, കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചകളില്‍ ഉയർന്നുകേള്‍ക്കുന്നത്.
രണ്ടു വിഭാഗം സമസ്ത ഉള്‍പ്പെടെ മുസ് ലിം സംഘടനകളുമായി ബന്ധമുള്ള കെ പി നൗഷാദലിയോടാണ് മുസ്‌ലിം സംഘടനകള്‍ക്ക് താല്പര്യമെന്നാണ് സൂചന. എം ഐ ഷാനവാസിന് പിൻഗാമിയായി പുതിയ നേതാവിനെ വളർത്തിക്കൊണ്ടുവരാനുള്ല അവസരത്തെ ഉപയോഗപ്പെടുത്തണമെന്നും സംഘടനകള്‍ക്ക് അഭിപ്രായമുണ്ട്. വയനാട് മണ്ഡലത്തിന്റെ ഭാഗമായാ അരീക്കോട് സ്വദേശിയാണ് നൗഷാദലി. യുഡിഎഫ് കണ്‍വീനർ എം എം ഹസനും കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും പരിഗണന ആഗ്രഹിച്ച് കളത്തിലുണ്ട്