വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി സൈബറാക്രമണം; അർജുന്റെ കുടുംബം പരാതി നൽകി
കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്
കോഴിക്കോട്: സോഷ്യൽമീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബം പരാതി നൽകി. വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു അർജുന്റെ കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നത്.കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.
അതേസമയം, കാണാതായ അര്‍ജുനായി പത്താം ദിവസം തിരച്ചില്‍ തുടങ്ങി. കാലാവസ്ഥ വെല്ലുവിളിയായി തുടരുന്ന സമയത്തും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. മണ്ണ് നീക്കിയാണ് തിരച്ചില്‍ നടക്കുന്നത്.
ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ഇറങ്ങും. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം. കരയിൽ നിന്ന് 30 മീറ്റർ മാറി അടിത്തട്ടിൽ 15 അടിതാഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനക്കുണ്ടാകും.ട്രക്ക് പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മഴയും കാറ്റും ശക്തമായതിനാല്‍ ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിക്കുമെന്നായിരുന്നു. തിരച്ചിലിൽ കണ്ടെത്തിയത് അർജുന്റേതായ ഭാരത് ബെൻസ് ലോറിയാണെന്ന് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ സ്ഥിരീകരിച്ചിരുന്നു.