വിഴിഞ്ഞം സമരപ്പന്തലിൽ തർക്കം; ഉടൻ മടങ്ങി വി ഡി സതീശൻ
സതീശൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെ ചിലർ ബഹളം വയ്ക്കുകയായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരപ്പന്തലിൽ തർക്കം. സമരത്തിന് പിന്തുണയർപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരസ്ഥലം സന്ദർശിക്കാനെത്തിയതിനു പിന്നാലെയാണ് തർക്കമുണ്ടായത്. സതീശൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെ ചിലർ ബഹളം വയ്ക്കുകയായിരുന്നു.
രാഷ്ട്രീയക്കാർ ഇവിടെ വരേണ്ടെന്നും സമരത്തെ രാഷ്ട്രീയവൽകരിക്കരുതെന്നുമായിരുന്നു ഇവരുടെ പക്ഷം. ഒരു രാഷ്ട്രീയ പാർട്ടിയുടേയും സമരമാക്കി ഇതിനെ മാറ്റരുതെന്നും ഇവർ പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങളും ഉയർന്നു. ബഹളം ശക്തമായതോടെ പ്രതിപക്ഷ നേതാവ് ഉടൻ മടങ്ങുകയായിരുന്നു.
തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. മൂന്ന് ദിവസം മുമ്പ് തുടങ്ങിയ സമരം ഈ മാസം അവസാനംവരെ നടത്തുമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.