ബസ് ചാർജിനെച്ചൊല്ലി തർക്കം, വിദ്യാർഥിനിയെ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
വിശദമായ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന് ആരോഗ്യമന്ത്രി നിർദേശം നൽകി.
തൃശൂർ: തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി വീണാ ജോർജ്. അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന് മന്ത്രി നിർദേശം നൽകി. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തൃശൂർ പഴമ്പാലക്കോട് എസ്എംഎം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ഇന്നലെ വൈകുന്നേരം ദുരനുഭവമുണ്ടായത്. കാട്ടുകുളം സ്റ്റോപ്പിലാണ് കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. സ്ഥിരമായി സ്കൂൾ ബസിന് പോകാറുള്ള കുട്ടിയുടെ കൈവശം രണ്ടുരൂപ മാത്രമാണ് ഉണ്ടായിരുന്നത്. കാട്ടുകുളം വരെ അഞ്ചുരൂപ നൽകണമെന്നാവശ്യപ്പെട്ട കണ്ടക്ടർ കൈവശം ഉണ്ടായിരുന്ന രണ്ടുരൂപ വാങ്ങിയ ശേഷം വീടിന് രണ്ടു കിലോമീറ്റർ മുമ്പുള്ള പട്ടിപ്പറമ്പ് സ്റ്റോപ്പിൽ കുട്ടിയെ ഇറക്കി വിട്ടു.
വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. എന്നാൽ, അധികം പണം ആവശ്യപ്പെട്ടുവെങ്കിലും വഴിയിൽ നിർബന്ധിച്ച് ഇറക്കി വിട്ടില്ലെന്നാണ് കണ്ടക്ടർ വാസുദേവന്റെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നൽകിയ നിർദേശം.