ദിവേഷ് ലാൽ തിരിച്ചെത്തി; നന്ദി അറിയിക്കാൻ എയർപോർട്ടിൽനിന്ന് ആദ്യമെത്തിയത് പാണക്കാട്ട്
ഖത്തർ ജയിലിലായിരുന്ന ദിവേഷ് ലാലിന്റെ മോചനത്തിന് ദിയാധനമായി നൽകേണ്ട 46 ലക്ഷം രൂപ സ്വരൂപിച്ചത് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലായിരുന്നു.
മലപ്പുറം: വാഹനാപകടക്കേസിൽ ഖത്തർ ജയിലിലായിരുന്ന നിലമ്പൂർ സ്വദേശി ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തി. ജന്മനാട്ടിൽ കാലുകുത്തിയപ്പോൾ എയർപോർട്ടിൽനിന്ന് അദ്ദേഹം ആദ്യം പോയത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനായിരുന്നു. തങ്ങളുടെ ഇടപെടലിനെ തുടർന്നാണ് ദിവേഷ് ലാലിന്റെ മോചനം സാധ്യമായത്.
നിർത്തിയിട്ടിരുന്ന വാഹനം അബദ്ധത്തിൽ പിന്നോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിക്കാനിടയായ സംഭവത്തിലാണ് വലമ്പൂർ മുള്ള്യാകുർശി സ്വദേശിയായ ദിവേഷ് ലാൽ എന്ന 32 കാരൻ ഖത്തറിൽ ജയിലിലായത്. ഖത്തർ സർക്കാർ ദിയാധനമായി നിശ്ചയിച്ച 46 ലക്ഷം രൂപ സ്വരൂപിച്ചത് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു.
ദിവേഷിനെ ചേർത്തുപിടിക്കണമെന്ന അഭ്യർഥന കേരളം ഏറ്റെടുത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ മോചനമെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. ഒരു വ്യക്തിതാൽപര്യവുമില്ലാതെയാണ് എല്ലാവരും ഇതിൽ പങ്കുചേർന്നത്. മനുഷ്യർ ഇപ്പോഴും ഈ ലോകത്തുണ്ട് എന്നതിന്റെ തെളിവാണ് പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന കൂട്ടായ്മകൾ. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും തങ്ങൾ പറഞ്ഞു.
തന്റെ മോചനത്തിന് ഇടപെട്ട എല്ലാവരോടും നന്ദിയുണ്ടെന്ന് ദിവേഷ് ലാൽ പറഞ്ഞു. ഇങ്ങനെയൊരു മോചനം ഒരിക്കലും വിചാരിക്കാത്തതാണ്. സഹായിച്ച എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്നും ദിവേഷ് പറഞ്ഞു.