ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമെന്ന് സ്ഥിരീകരിക്കാതെ ഡോക്‌ടർമാർ; മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകം
മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്‌ടർമാരും പറയുന്നത്
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണം സ്വാഭാവികമാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് നെയ്യാറ്റിൻകര സിഐഎസ്ബി പ്രവീൺ മീഡിയവണിനോട് പറഞ്ഞു.
മൂന്ന് റിപ്പോർട്ടുകൾ വന്നാലേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്‌ടർമാരും പറയുന്നത്. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം.
മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ രാസ പരിശോധന അടക്കമുള്ള മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു. ശ്വാസകോശത്തിലെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി. തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്‌ടർമാർ പറയുന്നു. ഇതിൽ വ്യക്തത വരാൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരണം.
വിഷാംശം ഉള്ളിൽ കടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുന്നത്. ഈ പരിശോധന ഫലങ്ങളെല്ലാം വന്നെങ്കിൽ മാത്രമേ ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതിൽ വ്യക്തത വരികയുള്ളൂ എന്നും ഡോക്‌ടർമാർ വിശദീകരിക്കുന്നു.