'എന്റെ പേരിൽ എട്ട് ലക്ഷം ആര് കൈപ്പറ്റി'; അരിതയോട് മേഘ രഞ്ജിത്ത്, യൂത്ത് കോൺഗ്രസിൽ ഫണ്ട് പിരിവ് വിവാദം,
തനിക്ക് വേണ്ടി പാർട്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് സമരത്തിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മേഘ രഞ്ജിത്ത് ആരോപിക്കുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസിൽ തമ്മിലടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെതിരെ വീണ്ടും ആരോപണവുമായി മേഘ രഞ്ജിത്ത് രംഗത്തെത്തി. തനിക്ക് വേണ്ടി പാർട്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് സമരത്തിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മേഘ രഞ്ജിത്ത് ആരോപിക്കുന്നത്. സമര വാർഷിക ദിനത്തിൽ അരിത ബാബു ഇട്ട ഫേസ്ബുക്ക് പോസ്റിന്റെ കമന്റായാണ് ആരോപണം ഉന്നയിച്ചത്. മേഘക്ക് എട്ട് ലക്ഷത്തിലധികം രൂപ നൽകിയെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കമന്റിട്ടിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രവീണിന്റെയും ജില്ലാ സെക്രട്ടറി മേഘയുടെയും പരിക്ക് ഗുരുതരമായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മേഘയുടെ ചികിത്സാ ചെലവ് പാർട്ടി വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇതിനിടെ ബ്യൂട്ടി പാർലർ നടത്തിയിരുന്ന മേഘ രഞ്ജിത്തിന് തുടർ ചികിത്സക്ക് വേണ്ട സഹായവും നൽകിയെന്ന് വിശദീകരിച്ചുകൊണ്ട് കണക്കുകൾ അടക്കം വിശദമായ ഒരു കുറിപ്പ് ഫേസ്ബുക്കിൽ അരിത ബാബു പോസ്റ്റ് ചെയ്‌തു. കണക്കുകൾ പ്രകാരം എട്ട് ലക്ഷം രൂപ മേഘക്ക് കൈമാറിയെന്നാണ് അരിത ബാബുവിന്റെ കുറിപ്പിൽ പറയുന്നത്.
ഈ പറയുന്ന തുക തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇടക്ക് നിന്ന് ആരാണ് തട്ടിയെടുത്തതെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മേഘ കമന്റിട്ടതോടെയാണ് വിവാദം തുടങ്ങിയത്. ഇതിന് താഴെ വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതിന്റെ കണക്ക് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുപിന്നാലെ, പാർട്ടി തന്നെ സഹായിച്ചിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മേഘയും രംഗത്തെത്തി.