കണിയാപുരത്ത് യുവതിയുടെ കൊലപാതകം; ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
ജനുവരി 14നാണ് കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ വിജി എന്ന ഷാനുവിനെ (33) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി രങ്ക ദുരൈയെയാണ് മംഗലപുരം പോലീസും ഷാഡോ ടീമും ചേർന്ന് പിടികൂടിയത്. കണ്ടലിൽ താമസിച്ചിരുന്ന ഷാനുവിനെ തിങ്കളാഴ്‌ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ജനുവരി 14നാണ് കണിയാപുരം കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വിജി എന്ന ഷാനുവിനെ (33) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചര മണിയോടെ സ്‌കൂളില്‍ നിന്നെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചു. ഏതാനും നാളുകളായി തമിഴ്‌നാട് സ്വദേശിയായ രങ്കനോടൊപ്പമായിരുന്നു താമസം. ഹോട്ടല്‍ ജീവനക്കാരനായ രങ്കൻ സംഭവശേഷം തെങ്കാശിയിലേക്ക് കടന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്‌പി മഞ്ജുലാലിന്റെ നേതൃത്വത്തില്‍ മംഗലപുരം പൊലീസ് ആണ് കേസ് അന്വേഷിച്ചത്.
കൊലപാതകത്തിന്റെ കാരണം അടക്കം ഇയാളെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്തമാവുകയുള്ളൂ.