പാലക്കാട് ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിൽ അഴിമതി: രമേശ് ചെന്നിത്തല
അതീവ വരൾച്ചാസാധ്യതയുള്ള പ്രദേശത്ത് വൻതോതിൽ ഭൂഗർഭ ജലം ഉപയോഗിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്നത് പ്രകൃതിയോടും ജനങ്ങളോടും ചെയ്യുന്ന ദ്രോഹമാണെന്നും ചെന്നിത്തല പറഞ്ഞു.
കൊല്ലം: പാലക്കാട് ജില്ലയില കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി നൽകാനുള്ള മന്ത്രിസഭയുടെ തീരുമാനം അടുത്ത അഴിമതിക്കുള്ള കളമൊരുക്കലാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 2018ൽ പ്രളയസമയത്ത് ചില സ്വകാര്യ കമ്പനികൾക്ക് സംസ്ഥാനത്ത് ഡിസ്റ്റലറികൾ ആരംഭിക്കാൻ സർക്കാർ വഴി സഹായം ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടർന്ന് ആ നീക്കം പാളിപ്പോയതാണ്. പിന്നീട് 2022ലും ഇതിനുള്ള ശ്രമം നടത്തി പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് അന്നും പിൻമാറേണ്ടി വന്നു. ഇപ്പോൾ പൊടുന്നനെ മന്ത്രിസഭായോഗത്തിൽ ഒരു സ്വകാര്യ കമ്പനിക്ക് ഡിസ്റ്റിലറി തുടങ്ങാനുള്ള അനുമതി നൽകിയിരിക്കുകയാണ്. ഇതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളും, അഴിമതിയും നടന്നിട്ടുണ്ട് 2018 ലെ ബ്രൂവറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് നാളിതുവരെയായി പുറത്തുവിട്ടിട്ടില്ല. അതിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്.
പാലക്കാട് അതീവ വരൾച്ചാ സാധ്യതയുള്ള സ്ഥലമാണ്. അവിടെ ഒരു വർഷം അഞ്ച് കോടി ലിറ്റർ ഭൂഗർഭജലം ഉപയോഗിക്കുന്ന പ്ലാന്റുകൾ ബ്രൂവറി/ഡിസ്റ്റിലറികളുടെ ഭാഗമായി സ്ഥാപിക്കാൻ അനുമതി നൽകുന്നത് പ്രകൃതിയോടും ജനങ്ങളോടും ചെയ്യുന്ന കടുത്ത ദ്രോഹമാണ്. പണ്ട് പ്ലാച്ചിമട സമരത്തിന് പിന്തുണ നൽകിയ ഒരു പാർട്ടിയും, മുന്നണിയുമാണ് ഇത്തരമൊരു ജനവിരുദ്ധസമീപനം സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും പാരിസ്ഥിതിക പഠനം സർക്കാർ നടത്തിയിട്ടുണ്ടോ? പുതുശ്ശേരി പഞ്ചായത്തിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ? ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒറ്റ കമ്പനിക്ക് എങ്ങനെയാണ് ഡിസ്റ്റലറി തുടങ്ങാൻ അനുവാദം നൽകുന്നത്? ടെണ്ടർ ക്ഷണിച്ചിട്ടാണോ കമ്പനിയെ തെരഞ്ഞെടുത്തത്? എന്ത് മാനദണ്ഡമാണ് സർക്കാർ സ്വീകരിച്ചത്? പുതിയ ഡിസ്റ്റിലറികളുടെ ആവശ്യം സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനമോ അവസ്ഥാ പഠനമോ നടത്തിയിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.