പോരിനുറച്ച് സാങ്കേതിക സർവകലാശാല വിസി; സിൻഡിക്കേറ്റിനെതിരെ ഗവർണർക്ക് റിപ്പോർട്ട്
താൻ സിൻഡിക്കേറ്റ് പിരിച്ചുവിട്ടിട്ടും, ചട്ടവിരുദ്ധമായി യോഗം ചേർന്നെന്ന് കാട്ടി ഗവർണർക്ക് വിസി റിപ്പോർട്ട് നൽകി.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റുമായി പോരിനുറച്ച് വൈസ് ചാൻസലർ കെ.ശിവപ്രസാദ്. താൻ സിൻഡിക്കേറ്റ് പിരിച്ചുവിട്ടിട്ടും, ചട്ടവിരുദ്ധമായി യോഗം ചേർന്നെന്ന് കാട്ടി ഗവർണർക്ക് വി.സി റിപ്പോർട്ട് നൽകി.
രജിസ്ട്രാർ അനധികൃത യോഗത്തിൽ പങ്കെടുത്തെന്നും ആരോപണം. രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. സെക്ഷൻ ഓഫീസർക്ക് എതിരായ അന്വേഷണ റിപ്പോർട്ടിന് ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യോഗത്തിൽ നിന്നും വിസി ഇറങ്ങിപ്പോയിരുന്നു.
ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെത്തുടര്‍ന്ന് നിയമിതനായ കുസാറ്റ് പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ആദ്യ സിന്‍ഡിക്കേറ്റ് യോഗം വാക്കേറ്റത്തിലാണ് കലാശിച്ചത്. കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് ആര്‍. പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് വിസിയുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിന്‍ഡിക്കേറ്റ് യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചത് വി.സി അനുവദിക്കാത്തതാണ് ഒടുവിൽ വാഗ്വാദത്തിൽ കലാശിച്ചത്.
തുടർന്ന് വിസി യോഗം പിരിച്ചുവിടുകയും ചെയ്‌തു. ശേഷം അംഗങ്ങള്‍ കൂട്ടായി സിന്‍ഡിക്കേറ്റ് യോഗം ചേർന്നു.യോഗം പിരിച്ചുവിട്ടശേഷം ചേര്‍ന്ന അനധികൃത യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.