എംഎസ്എഫ് പ്രവർത്തകരെ ഹോസ്റ്റലിൽ കയറി മർദിച്ച് എസ്എഫ്ഐ; കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം
യുഡിഎസ്എഫ് പ്രവർത്തകർ യൂണിയൻ ഓഫീസ് അടിച്ചു തകർത്തുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. യൂണിറ്റ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരെ ഹോസ്റ്റലിൽ കയറി മർദിച്ചുവെന്ന് എംഎസ്എഫ് ആരോപിച്ചു. യുഡിഎസ്എഫ് പ്രവർത്തകർ യൂണിയൻ ഓഫീസ് അടിച്ചു തകർത്തുവെന്നാണ് എസ്എഫ്ഐ യുടെ ആരോപണം.
ബുധനാഴ്‌ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി കാർണിവലിൻ്റെ സമാപനദിവസം എംഎസ്എഫ് പ്രവർത്തകർ സ്റ്റുഡൻ്റ് യൂണിയൻ ഓഫിസിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. സംഭവത്തിൽ തിരിച്ചടി നൽകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ആഹ്വാനം ചെയ്‌തിരുന്നു. തുടർന്ന് ക്യാമ്പസിൽ തടിച്ചുകൂടിയ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു.
ഇതിനിടെയാണ് എംഎസ്എഫ് പ്രവർത്തകരെ ഹോസ്റ്റലിൽ കയറി മർദിച്ചത്. കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും കൊടിതോരണങ്ങൾ എസ്എഫ്ഐ ക്യാമ്പസിനുള്ളിൽ കത്തിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.