സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെതിരെ ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്
ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചതെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരെ ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്. സെപ്തംബർ 13 പ്രതിഷേധ ദിനമായി ആചരിക്കും. ഡിഎച്ച്എസ് ഓഫീസിനു മുമ്പിലും ജില്ലാ ആസ്ഥാനങ്ങളിലും ധർണ നടത്തും. ഒക്ടോബർ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചത്. ദീർഘനാൾ നീണ്ട നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം കെജിഎംഒഎക്ക് നൽകിയതാണ്.
ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും, റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകും. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്‌സണൽ പേ അനുവദിക്കാത്തതും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകുമെന്നും സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതാണ്.
സർക്കാർ നൽകിയ രേഖ മൂലമുള്ള ഉറപ്പിന്റെയും കോവിഡ്മൂന്നാംതരംഗത്തിന്റെയും പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികൾ മാറ്റിവയ്ക്കുകയായിരുന്നു. നിരന്തരമുള്ള ഇടപെടലുകൾക്ക് ശേഷവും ജനുവരി മാസം ഉത്തരവാകുമെന്ന് പറഞ്ഞ കാര്യങ്ങളിൽ തുടർ നടപടികൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്ന് മെയ് ഒന്നിന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂട്ടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് പ്രതിഷേധം പുനരാരംഭിക്കാൻ കെ ജി എം ഒ എ നിർബന്ധിതമായി. എന്നാൽ സർക്കാർ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ കാതലായ വിഷയങ്ങൾ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറങ്ങിയത്. ഇതിൽ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളിൽ പോലും വ്യക്തതഉണ്ടായിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.