ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോക്കോസ് നോട്ടീസ്
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്
ഡോളർ കടത്ത് കേസിൽ എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടീസയച്ചു. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമെ ശ്രീരാമകൃഷ്ണന് നോട്ടിസയക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്റ്റംസ് വിശദീകരണം.
എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ത്യന്‍ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍ എന്നിവര്‍ക്കാണ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത് കുമാര്‍ സ്ഥലം മാറി പോകുന്നതിന് മുന്‍പാണ് നടപടി. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നസുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നല്‍കിയത്. പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യു.എ.ഇയിലേക്ക് കടത്തിയെന്നതാണ് കേസ്.