കിഴക്കമ്പലം സംഭവത്തിന്‍റെ പേരില്‍ അതിഥി തൊഴിലാളികളെയാകെ വേട്ടയാടരുത്: സ്പീക്കര്‍

അതിഥി തൊഴിലാളികളെയാകെ ക്രിമിനലുകളെന്ന് മുദ്ര കുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍

Update: 2021-12-26 08:12 GMT
Advertising

എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്‍റെ പേരിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ കണ്ടാൽ മതി. അല്ലാതെ അതിഥി തൊഴിലാളികളെയാകെ അങ്ങനെ മുദ്ര കുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. അവരെല്ലാവരും അങ്ങനെയല്ലല്ലോ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അവരെ വേട്ടയാടുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കിഴക്കമ്പലത്ത് ക്രിസ്മസ് കരോളിനെ ചൊല്ലിയാണ് കിറ്റക്സിലെ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇടപെടാനെത്തിയ പൊലീസിനെ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു. കുന്നത്തുനാട് പൊലീസിന്‍റെ രണ്ട് വാഹനങ്ങൾ തല്ലിത്തകർത്തു. ഒരു വാഹനത്തിനു തീയിട്ടു. സംഘർഷത്തിൽ സിഐ അടക്കം അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

അക്രമത്തിനു പിന്നാലെ തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് റെയ്ഡ് നടത്തി. 156 അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിലാളികളുടെ അതിക്രമം അപ്രതീക്ഷിതമായിരുന്നുവെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ് പ്രതികരിച്ചു. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചതാകാം. ഒരു വിഭാഗം തൊഴിലാളികൾ കരോൾ നടത്തിയപ്പോൾ മറ്റൊരു കൂട്ടർ എതിർത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് സാബു ജേക്കബ് പറഞ്ഞു.

"ഇന്നലെ നടന്ന സംഭവം അപ്രതീക്ഷിതമാണ്. ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആയിരത്തിലധികം പേര്‍ ആ ക്വാര്‍ട്ടേഴ്സിലുണ്ട്. ഇരുപതോ മുപ്പതോ പേര്‍ ചേര്‍ന്ന് ക്രിസ്മസ് കരോള്‍ നടത്താന്‍ തീരുമാനിച്ചു. ഇത് മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പരാതിയായി, തര്‍ക്കമായി, ഏറ്റുമുട്ടലായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരും സൂപ്രവൈസര്‍മാരും ഇടപെട്ടു. അവരെയും തൊഴിലാളികള്‍ ആക്രമിച്ചു. ഞങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വന്നപ്പോള്‍ പൊലീസിനെ വിളിച്ചു. ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോ ആദ്യം കരുതിയത് മദ്യത്തിന്‍റെ ലഹരിയിലാണെന്നാണ്. പരിശോധനയില്‍ മദ്യക്കുപ്പിയൊന്നും കണ്ടെത്താനായില്ല. വേറെ എന്തോ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് തോന്നുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. കഞ്ചാവിന്‍റെ ചെറിയ പൊതികളൊക്കെ കണ്ടെത്തിയിട്ടുണ്ട് മുന്‍പ്. അതുടനെ തന്നെ പൊലീസിന് കൈമാറിയിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിക്കും. ഭാഷയുടെ പ്രശ്നമൊക്കെയുള്ളതുകൊണ്ട് പൊലീസിനത് ശ്രമകരമായ ജോലിയാണ്. എല്ലാ സിസിടിവികളും പരിശോധിച്ച് പ്രതികളെ കണ്ടെത്തും"- സാബു ജേക്കബ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News