'കുട്ടി റോഡിലൂടെ നടന്നുപോകുന്നത് സമീപത്തെ കടക്കാരനാണ് വിളിച്ചുപറഞ്ഞത്, അഷ്ഫാഖുമായി യാതൊരു ബന്ധവുമില്ല'; പെണ്‍കുട്ടിയുടെ പിതാവ്
സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ കൈമാറിയെന്ന് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തിന്റെ മൊഴി
ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അഷ്ഫാഖ് ആലവുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടിയുടെ പിതാവ് മജ്ജൻ കുമാർ തിവാരി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് ഭാര്യ കുളിക്കുകയായിരുന്നു. കുട്ടി മറ്റൊരാളുമായി റോഡിലൂടെ പോകുന്നത് സമീപത്തെ കടക്കാരനാണ് ആദ്യം കണ്ടത്. ഇക്കാര്യം തന്നെ വിളിച്ചുപറയുകയായിരുന്നെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു.
ഉടൻ തന്നെ പൊലീസിന് പരാതി നൽകുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് അഷ്ഫാഖ് വീടിന് മുകളിൽ താമസിക്കാൻ എത്തിയത്. അതുകൊണ്ട് അയാളെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും പിതാവ് പറയുന്നു. ഒന്നാം ക്ലാസിലാണ് കാണാതായ പെൺകുട്ടി പഠിക്കുന്നത്. ഇന്നലെ സ്‌കൂൾ ഇല്ലാത്തതിനാൽ സമീപപ്രദേശത്ത് കളിച്ചുനടക്കുന്നുണ്ടായിരുന്നു. ജോലിക്ക് പോകുമ്പോൾ സമീപപ്രദേശത്തെ ആളുകളോട് കുട്ടിയെ നോക്കാൻ ഏൽപ്പിക്കാറാണ് ചെയ്യാറെന്നും ഇവർ പറയുന്നു.
അതേസമയം, സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ കൈമാറിയെന്ന് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തിന്റെ മൊഴി. സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിൻറെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിലെ പാലത്തിനിടയിൽവെച്ചാണ് കുട്ടിയെ കൈമാറിയെന്നും പ്രതിയുടെ സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ കൈമാറിയെന്ന് പറയുന്ന സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നൽകി. കുട്ടിക്ക് ജ്യൂസ് നൽകിയെന്നും നേരത്തെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നത്.
സക്കീർ ഹുസൈൻ എന്നതാരാണെന്നും ഇയാൾ എവിടേക്കാണ് കുട്ടിയെ എങ്ങോട്ട് കൊണ്ടുപോയതെന്നുമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ ആറു വയസുള്ള മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതൽ കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ബിഹാർ സ്വദേശിയായ അഷ്ഫാഖ് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.