15 ഓളം വാഹനങ്ങൾ, സ്വർണക്കടത്ത്, രാമനാട്ടുകര അപകടത്തിൽ ചോദ്യങ്ങൾ അനവധി

അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു

Update: 2021-06-21 10:12 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ന് രാവിലെ കോഴിക്കോട് രാമനാട്ടുകരയിൽ ബൊലേറോ ലോറിയുമായി കൂട്ടിയിടിച്ച് ബൊലോറോയിലെ അഞ്ചു പേർ മരിക്കുന്നു. സാധാരണഗതിയിൽ എയർപോർട്ട് യാത്രയ്ക്കിടയിൽ നടന്ന വലിയൊരു ദുരന്തമായി മാത്രം വാർത്തകളിൽ വന്നുപോകുമായിരുന്ന ഒരു അപകടം കൂടുതൽ ദുരൂഹതകളിലേക്കാണ് നിലവിൽ പോയിക്കൊണ്ടിരിക്കുന്നത്.

അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ചെർപ്പുളശേരിയിലേക്കുള്ള വഴിയിലല്ല അപകടം നടന്നത് എന്നതായിരുന്നു പൊലീസിന് ആദ്യം സംശയം നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഇത്രയധികം പേർ ഒരാളെ കരിപ്പൂർ വിമാനത്താവളത്തിൽ വിടാൻ എന്തിന് പോയി? യുവാക്കൾ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ? ചെർപ്പുളശ്ശേരിയിൽ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയിൽ എത്തി? അപകടത്തിന് മുൻപ് ചേസിങ് നടന്നു? തുടങ്ങിയ സംശയങ്ങൾ രാവിലെ മുതൽ പൊലീസിന് ഉണ്ടായിരുന്നു.

പിന്നീട് ഇവരുടെ കൂടെ മറ്റൊരു കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കൊണ്ടോട്ടിക്കും രാമനാട്ടുകരയ്ക്കും ഇടയിൽ ചേസിങ് നടന്നതായും പൊലീസിന് സംശയമുണ്ടായിരുന്നു.

അപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാരാണ് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചന. ഏകദേശം 15 വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്ന കാര്യവും സംശയിക്കുന്നുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്. ചരൽ ഫൈസൽ എന്നയാൾക്ക് എസ്‌കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ആരാണ് ചരൽ ഫൈസൽ?

Full View

വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിൽ മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി.

പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മാത്രമല്ല, അപകടത്തിൽ മരിച്ച ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുലർച്ചെ 4.30നാണ് അപകടമുണ്ടായത്. രാമനാട്ടുകരയിൽ നിന്ന് കരിപ്പൂർ വിമാനത്താവള ഭാഗത്തേക്ക് പോവുകയായിരുന്ന ബോലീറോ ജീപ്പുമായി എതിരെ വന്ന സിമൻറ് ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൻറെ ആഘാതത്തിൽ ബോലീറോ പൂർണമായി തകർന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേരും തൽക്ഷണം മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ താഹിർ, ശഹീർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്.

അമിത വേഗതയിൽ വന്ന വാഹനം രണ്ട് തവണ കരണം മറിഞ്ഞ ശേഷമാണ് ട്രക്കിലിടിച്ചതെന്നാണ് ട്രക്ക് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ട്രക്ക് ഡ്രൈവർക്ക് കാലിൽ ചെറിയ പരിക്ക് മാത്രമേയുള്ളൂ. അപകടത്തെ തുടർന്ന് ട്രക്ക് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് രണ്ടായി മുറിഞ്ഞു.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News