ഗർഭിണിക്കും പിതാവിനും ക്രൂരമര്‍ദനം: ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
നഹ്‍ലത്തിന്റെ ഭർത്താവ് ജൗഹർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു
ആലുവയിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഗർഭിണിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃ മാതാവും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. മർദനമേറ്റ നഹ്‍ലത്തിന്റെ ഭർത്താവ് ജൗഹർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ആലുവ മന്നം സ്വദേശി ജൌഹറിന്റെ ഭാര്യ നൌലത്തിനും പിതാവ് സലിമിനുമാണ് ഇന്നലെ വൈകിട്ട് മര്‍ദനമേറ്റത്. സ്ത്രീധനമായി കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഗര്‍ഭിണിയായ ഭാര്യയെ ജൌഹറും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. യുവതിയുടെ പിതാവിനെ ജൌഹറിന്റെ സുഹൃത്ത് കമ്പിവടിക്കടിച്ച് പരിക്കേല്‍പ്പിച്ചു.
ആലങ്ങാട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൌഹര്‍, മാതാവ് സുബൈദ, സഹോദരിമാരായ ഷബീന, ഷറീന എന്നിവർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ പിതാവിനെ മർദിച്ചതിന് ജൌഹറിന്റെ സുഹൃത്തായ മുഹുതാസിനെതിരെയും കേസെടുത്തിട്ടുണ്ട്.
നാല് മാസം ഗര്‍ഭിണിയായ മകളെ സ്ത്രീധനത്തിന്‍റെ പേരിലാണ് മർദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ വൈകിട്ട് പരാതി നല്‍കിയിട്ട് രാത്രി വൈകിയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആരോപിച്ചു.