''പരിശോധനാ സമയത്ത് പൊലീസ് വേണ്ടെന്നല്ല ആ ഉത്തരവ്, നിലപാടിൽ ഉറച്ച് നിൽക്കുന്നു'; സൈബർ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഡോ.കെ.പ്രതിഭ

'പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വകാര്യത ലഭിക്കണം എന്നാണ് ഉദ്ദേശിച്ചത്, മറിച്ച് ഡോക്ടറും പ്രതിയും മാത്രമായിട്ടുള്ള ഒരു പരിശോധന വേണമെന്നല്ല പറഞ്ഞിട്ടുള്ളത്'

Update: 2023-05-10 15:56 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: ഡോ. വന്ദനയുടെ മരണത്തിന് പിന്നാലെ മലപ്പുറം താനാളൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോ.കെ.പ്രതിഭക്ക് എതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. പ്രതികളെ പരിശോധിക്കുമ്പോൾ പൊലീസ് അടുത്ത് നിൽക്കരുതെന്ന ഉത്തരവിനായി നിയമ പോരാട്ടം നടത്തിയതിനാണ് സൈബർ ആക്രമണം. തന്റെ നിയമപോരാട്ടവും വന്ദന കൊല്ലപെട്ടതും തമ്മിൽ യാതെരു ബന്ധമില്ലെന്നും നേരത്തെ ഉള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും ഡോ.കെ . പ്രതിഭ മീഡിയവണിനോട് പറഞ്ഞു.

'കസ്റ്റഡികൾക്ക് മർദനമേറ്റിട്ടുണ്ടോ ഇല്ലയോ എന്ന് കൃത്യമായി അറിയുന്നതിനു വേണ്ടി ഒരു മാർഗനിർദേശം ഗവൺമെൻറ് സർവീസിൽ ഇല്ലായിരുന്നു. ഹെൽത്ത് സർവീസിലും പുറത്തിറക്കിയിട്ടില്ല. അപൂർവം ചില കേസുകളിലെങ്കിലും പ്രതികൾക്ക് മർദനം ഏൽക്കാറുണ്ട്. അത് പൊലീസിന്റെ സാന്നിധ്യത്തിൽ വെളിപ്പെടുത്താൻ അവർ വിസമ്മതിക്കാറുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിലാണ് നിയമപോരാട്ടം നടത്തിയത്' ... പ്രതിഭ പറയുന്നു.

ഡോക്ടർ കൊടുക്കുന്ന റിപ്പോർട്ടിന് അനുസരിച്ചാണ് പ്രതിയുടെ ആരോഗ്യ സ്ഥിതിയുള്ള സർക്കാരും കോടതിയുംഅറിയുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ നടത്തപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വകാര്യത ലഭിക്കണം എന്നാണ് ഉദ്ദേശിച്ചത്. മറിച്ച് ഡോക്ടറും പ്രതിയും മാത്രമായിട്ടുള്ള ഒരു പരിശോധനയല്ല എവിടെയും പറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോക്ടർമാർ അവരുടെ ജീവൻ പണയപ്പെടുത്തിയിട്ടാണ് ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും ക്വാഷാലിറ്റിയിൽ. ഡോക്ടർമാർക്കെതിരെ ആക്രമണം കൂടിവരികയാണ്. വളരെ നിസാരമായ വകുപ്പുകളൊക്കെ ചുമത്തി നിസാരവൽക്കരിച്ച് പോകുന്ന സാഹചര്യമാണുള്ളത്. ഡോക്ടർമാർക്കും കൂടി സംരക്ഷണം ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം.'..ഡോ.പ്രതിഭ പറഞ്ഞു.

Full View

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്തുനിൽക്കരുതെന്ന ഉത്തരവ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമ്പോൾ ഒപ്പംവരുന്ന പോലീസുദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഉത്തരവ്.

ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പൊലീസ് പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ചുമനസ്സിലാക്കാൻ ഇതനുസരിച്ച് ഡോക്ടർക്ക് അവസരമുണ്ട്. പ്രതികളുടെ മുൻകാല രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യാം. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽപെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ ഇതു നടപ്പാക്കിക്കിട്ടാൻ പലവട്ടം സർക്കാരിനെ സമീപിച്ചു. ഒടുവിലവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്.

2018ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോ. പ്രതിഭ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പരിക്കുകളും രോഗവിവരങ്ങളും വിശദമാക്കി കോടതിക്ക് നൽകിയതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടർന്നാണ് ഡോ. പ്രതിഭ സർക്കാരിനെയും കോടതിയെയും സമീപിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News