ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നയതന്ത്ര ഇടപെടല്‍ വേണം: ഡോ. എം.കെ. മുനീര്‍

‘അക്രമങ്ങള്‍ ഭയന്ന് നൂറുകണക്കിന് പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നതും രാജ്യം വേണ്ടവിധം പരിഗണിക്കണം’

Update: 2024-08-13 15:59 GMT

എം.കെ മുനീര്‍

Advertising

കോഴിക്കോട്: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും ഇത് തടയാന്‍ അടിയന്തര നയതന്ത്ര ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ തയാറാവണമെന്നും മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്‍ച്ചക്ക് വഴിവെക്കുമെന്നും എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ സംഭവങ്ങള്‍ പരിതാപകരമാണ്. പ്രക്ഷോഭങ്ങള്‍ക്കിടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകര്‍ത്തതായും തെരുവില്‍ മർദനമേറ്റവര്‍ കൊല്ലപ്പെടുന്നതായുമുള്ള വാര്‍ത്തകള്‍ ഖേദകരമാണ്. അക്രമങ്ങള്‍ ഭയന്ന് നൂറുകണക്കിന് പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നതും രാജ്യം വേണ്ടവിധം പരിഗണിക്കണം.

മെഹര്‍പൂരിലെ ചരിത്ര പ്രസിദ്ധമായ മുജീബ് നഗര്‍ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്‌സിലുണ്ടായ ആക്രമണത്തില്‍ 1971ലെ വിമോചന യുദ്ധത്തിന്റെ ഓർമകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ശിൽപങ്ങള്‍ തകര്‍ക്കപ്പെട്ടതും ഗൗരവതരമാണ്. കോംപ്ലക്‌സിലെ പ്രതിമകള്‍ക്ക് നാശനഷ്ടം സംഭവിച്ച വിവരം ബംഗ്ലാദേശ് മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നൂറുകണക്കിന് യുവാക്കള്‍ വടിയും ചുറ്റികയുമായി സ്മാരകത്തിലേക്ക് ഇരച്ചുകയറി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുറഹ്മാന്റെ ശിൽപത്തിന്റെ തല തകര്‍ത്തതും ദയനീയ സംഭവങ്ങളാണ്.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലയും വിശ്വസ്ത അയല്‍ക്കാരുമായ ബംഗ്ലാദേശില്‍ സമാധാനം പുലരാനും ചൈനയും പാക്കിസ്ഥാനും പിടിമുറുക്കുന്നത് ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം ശരിയായ ജാഗ്രത പുലര്‍ത്തണമെന്നും എം.കെ. മുനീര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News