'വെറുപ്പിൽ പതറില്ല; എന്റെ വെള്ളക്കോട്ടിൽ ചെളിയാക്കാനുള്ള കെൽപ് കമന്റ് ബോക്സിനില്ല'- സൈബർ ആക്രമണത്തിൽ ഡോ. സൗമ്യ സരിൻ

'എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആർജവം എനിക്കുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബർ പോരാളികളുടേയും സഹായം വേണ്ട'- സൗമ്യ വ്യക്തമാക്കുന്നു.

Update: 2024-10-17 13:57 GMT
Advertising

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ എതിർപ്പറിയിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിൻ രംഗത്തെത്തുകയും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ ഡോ. സൗമ്യ സരിൻ. ഡോക്ടർമാർ കോട്ട് ഇടുന്നത് പുറത്തുനിന്നുള്ള അണുക്കൾ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചമായിട്ടാണെന്നും പുറത്തുനിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാൻ അങ്ങനൊരു കവചം താൻ തനിക്ക് ചുറ്റും തീർത്തിട്ടുണ്ടെന്നും ഡോ. സൗമ്യ സരിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

താൻ സോഷ്യൽമീഡിയയിൽ ആക്റ്റീവായി ഇടപെടുന്ന ഒരാളാണ്. പല വിഷയങ്ങളും സംസാരിക്കാറുണ്ട്. അതിൽ എപ്പോൾ വേണമെങ്കിലും വിവാദം ഉയർന്നു വരാം. പലതവണ വന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഈ പ്ലാറ്റ്ഫോമിൽ നിൽക്കുന്നിടത്തോളംകാലം നല്ല തൊലിക്കട്ടി ആവശ്യമാണ് എന്ന ബോധ്യം കാലക്രമേണ വന്നു ചേർന്നതാണെന്ന് സൗമ്യ പറയുന്നു. 

'എന്റെ പാർട്ണർ അദ്ദേഹത്തിന്റെ വഴിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമാണ്. അവിടെയും എന്തും എപ്പോഴും സംഭവിക്കാം. അതെന്റെ കൈയിൽ അല്ല. അങ്ങനെ സംഭവിക്കുമ്പോൾ ഭാര്യ എന്ന നിലയിൽ എനിക്ക് നേരെയും ആക്രമണം ഉണ്ടാകും. സ്വാഭാവികം. ഇനി ഇപ്പോൾ തെറി വിളിക്കുന്നവരോടാണ്. ഞാൻ ഇവിടെ തന്നെയുണ്ട്. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്യാൻ പലരും ഉപദേശിച്ചു. ഒരിക്കലും ചെയ്യില്ല. നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം'- സൗമ്യ കുറിപ്പിൽ പറയുന്നു.

'ഞാൻ സമൂഹത്തിൽ എന്റെ റോൾ എന്താണെന്നു കൃത്യമായി മനസിലാക്കി അത് ചെയ്ത് മുന്നോട്ടുപോകുന്ന ഒരാൾ ആണ്. വ്യക്തിപരമായി എനിക്കും മകൾക്കും എതിരെ അധിക്ഷേപങ്ങൾ വന്നപ്പോൾ പ്രതികരിച്ചിട്ടുണ്ട്. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആർജവം എനിക്കുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബർ പോരാളികളുടേയും സഹായം വേണ്ട'- സൗമ്യ വ്യക്തമാക്കുന്നു.

'ഒരു കാലത്ത് തന്നെ പിന്തുണച്ചു സംസാരിച്ചിരുന്നവർ ഇന്ന് എതിർപക്ഷത്ത് നിന്നും ചീത്ത വിളിക്കുന്നു. ഇതൊക്കെ താൻ ആ സ്പിരിറ്റിൽ മാത്രമേ കാണുന്നുള്ളൂവെന്നും സൗമ്യ പറയുന്നു. കാരണം നിങ്ങളാരും എന്നെ 'സൗമ്യ' ആയി കണ്ട് ഞാൻ എന്താണെന്നു മനസിലാക്കി സ്നേഹിച്ചവരല്ല. അതുകൊണ്ടു തന്നെ അതിനൊക്കെ അത്ര ആയുസ് മാത്രമേ ഉണ്ടാകൂ. തന്ന സ്നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലുമൊന്നും ഞാൻ പതറില്ല'- സൗമ്യ ചൂണ്ടിക്കാട്ടുന്നു.

'ഡോ. സൗമ്യ സരിൻ എന്ന പേര് സമൂഹത്തിൽ കുറച്ചു പേർക്കെങ്കിലും അറിയുമെങ്കിൽ അതിനു പുറകിൽ എന്റെ വിയർപ്പാണ്. അധ്വാനമാണ്. എന്റെ മേൽവിലാസം ഞാൻ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ എന്നാൽ കഴിയുന്നവിധം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ന് കുഞ്ഞുകുട്ടികളുടെ സൗജന്യഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസിലാവും എന്നെനിക്കറിയില്ല. എങ്കിലും പറയുകയാണ്. എന്റെ മേലുള്ള ഈ വെള്ളക്കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമെന്റ് ബോക്സിനില്ല'- സൗമ്യ കൂട്ടിച്ചേർത്തു.

സരിന്റെ നിലപാടുമായി ബന്ധപ്പെട്ട് ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. സൗമ്യയെയും സരിനേയും അധിക്ഷേപിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. അതേസമയം, വിമർശനത്തിനു പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിൽ സരിനെ കോൺ​ഗ്രസ് പുറത്താക്കിയിരുന്നു. താൻ ഇനി മുതൽ‌ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സരിൻ വ്യക്തമാക്കുകയും ചെയ്തു. സ്ഥാനാർഥിയാകാൻ തയാറാണെന്നും സിപിഎം തന്നെ ഒരു തീരുമാനമറിയിച്ചാൽ ഉടൻ അതിന് മറുപടി നൽകുമെന്നും സരിൻ പറ‍ഞ്ഞു. എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അ​ദ്ദേഹം വിശദമാക്കി.

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News