സുകുമാരൻ നായരുടെ മകൾ ഡോ . സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവെച്ചു
സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന ആരോപണവുമായി എസ് . എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു
സുകുമാരൻ നായരുടെ മകൾ ഡോ. സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. സർക്കാറിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി എന്‍.എസ്.എസ് സർക്കാറിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. പദവിക്കായി സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു.
സുകുമാരൻ നായരുടെ പ്രസ്താവന
സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാന രഹിതമായ ആരോപണവുമായി എസ് . എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻരംഗത്തുവന്നിരിക്കുകയാണ് . എൻ.എസ്.എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവർഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയി സേവനമനുഷ്ഠിച്ചുവരുകയാണ്. ആദ്യം യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എൽ.ഡി.എഫ് ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു - വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകൾ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിട്ടുളളത് . ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ , ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇതിന്റെ പേരിൽ വിവാദങ്ങൾക്കിടവരുത്താതെ, മൂന്നുവർഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കിലും, വ്യക്തിപരമായ കാരണങ്ങളാൽ എന്റെ മകൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവച്ചുകൊണ്ട് ബന്ധപ്പെട്ടവർക്ക് കത്ത് നല്‍കിക്കഴിഞ്ഞു .