ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
പ്രതിക്കുവേണ്ടി ക്രിമിനൽ അഭിഭാഷകനായ ബി.എ ആളൂർ ഹാജരായി
തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ചുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റേതാണ് ഉത്തരവ്. പ്രതിയുമായുളള തെളിവെടുപ്പിന്റെ കാര്യത്തിൽ അന്വേഷണസംഘം പിന്നീട് തീരുമാനമെടുക്കും.
കേരള മനസാക്ഷിയെ ഞെട്ടിച്ച വന്ദന വധകേസിലെ പ്രതി സന്ദീപിനെ രാവിലെ 11 മണിയോടുകൂടിയാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് രജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. പ്രതിക്കുവേണ്ടി ക്രിമിനൽ അഭിഭാഷകനായ ബി.എ ആളൂർ ഹാജരായി.
പൊലീസിൻറെ കസ്റ്റഡിയിലുള്ള ആയുധം കണ്ടെത്തണം എന്ന വാദം നിലനിൽക്കില്ലെന്ന് ആളൂർ വാദിച്ചു. ഡോക്ടറെ കൊലപ്പെടുത്തി എന്ന് ആരോപണം നിലനിൽക്കുന്നത് കൊണ്ട് സന്ദീപിന് ആവശ്യമായ വൈദ്യസഹായം ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞത്.ആയുധം എങ്ങനെ കൈക്കലാക്കി എന്ന അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഒരു മണിക്കൂറോളം നീണ്ട വാദങ്ങൾക്കൊടുവിൽ അഞ്ചുദിവസം സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. സന്ദീപിന് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ 15 മിനിറ്റ് നേരം അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിലുണ്ട്സന്ദീപിനെ ക്രൈം ബ്രാഞ്ച് ഇന്നുമുതൽ വിശദമായി ചോദ്യം ചെയ്യും.
സന്ദീപിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് കോടതിയിൽ ഏർപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കും.
അതേസമയം, വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.'കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പൊലീസ് പുറത്തേക്കോടി. വാതിൽ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളിൽ അക്രമം തുടർന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ ഓഫീസറെ ഡോ.വന്ദന കാര്യങ്ങൾ ധരിപ്പിക്കാൻ പോയ സമയത്താണ് അക്രമം നടന്നതെന്നും റിപ്പോർട്ട്.