പരിശോധനക്കിടെ കോവിഡ് രോഗി ഇറങ്ങിയോടി; ആശുപത്രി പരിസരത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങൾ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴ്മാട് സ്വദേശിയാണ് ഒരു മണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഒരാഴ്ച മുൻപ് കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കീഴ്മാട് സ്വദേശിയാണ് ആലുവ ജില്ലാ ആശുപത്രിയിൽ ഒരു മണിക്കൂറോളം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
കോവിഡ് ബാധയെ തുടർന്നുണ്ടായ ആശങ്ക മൂലം വീട്ടിൽ അക്രമാസക്തനായതിനെ തുടർന്നാണ് പൊലീസ് സഹായത്തോടെ വീട്ടുകാർ ഇദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ ഇറങ്ങി ഓടിയ രോഗി ഒരു മണിക്കൂറോളം ആശുപത്രി പരിസരത്ത് ഭീതി പരത്തി. കോവിഡ് ബാധിതനാണെന്നറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ഓടി മാറി. ഡോക്ടർമാരും വീട്ടുകാരും അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല . ഒടുവിൽ പോലീസും പി.പി കാറ്റണിഞ്ഞ ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ കീഴടക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോവിഡ് രണ്ടാം തരംഗത്തിൽ മരണങ്ങൾ വർധിച്ചതോടെ മരണഭീതി രോഗബാധിതരെ വേട്ടയാടുന്നതായി ഡോക്ടർ മാർ പറയുന്നു. സമൂഹമാധ്യമങ്ങളിലെ കോവിഡ് മരണങ്ങളുടെ ദൃശ്യങ്ങൾ ചില രോഗികളിൽ മരണഭീതിയുണ്ടാക്കുകയും മനോനില തെറ്റിക്കുകയും ചെയ്യുന്നതായും ഡോക്ടർമാർ കരുതുന്നു. രോഗികൾക്ക് കോവിഡ് ചികിത്സ യോടൊപ്പം കൗൺസിലിങ്ങും നൽകി ഇതിനുള്ള പരിഹാരം കാണുകയാണ് ഡോക്ടർമാർ .