ഡ്രൈവർ കം കണ്ടക്ടർ ഇനി പുതിയ തസ്തിക; കെ.എസ്.ആർ.ടി.സിയിലും സ്വിഫ്റ്റ് ബസിലും ജോലി ചെയ്യേണ്ടിവരും
ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാവശ്യം നേരത്തെയുള്ളതാണ്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നത് പുതിയ തസ്തികയായി രൂപീകരിക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായാണ് തസ്തികയെങ്കിലും ആവശ്യമെങ്കില്‍ സ്വിഫ്റ്റ് ബസിലും ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവരും. എന്നാല്‍ പുതിയ തസ്തിക രൂപീകരിച്ചതിന് പി.എസ് സിയുടെ അംഗീകാരം കിട്ടിയിട്ടില്ല.
ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാവശ്യം നേരത്തെയുള്ളതാണ്. ചില ബസുകളില്‍ ഇത്തരത്തില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കുകയും അവര്‍ തന്നെ കണ്ടക്ടറുടെ ജോലിയും ചെയ്യുന്ന രീതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇത് കാര്യക്ഷമമായി നടത്തുന്നതിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന കേഡര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.
25 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്. വര്ക്കിങ് അറേഞ്ചുമെന്‍റ് രീതിയില്‍ സ്വിഫ്റ്റിലും ജോലി ചെയ്യേണ്ടി വരുമെന്നതാണ് വ്യവസ്ഥ.
അധിക അലവന്‍സുള്‍പ്പടെയാണ് വേതനം നല്‍കുന്നത്. ഒരു മാസം 16 ഡ്യൂട്ടിയെങ്കിലും നിര്‍വ്വഹിക്കണം. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആഗസ്റ്റ് 15 മുതല്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. പ്രായ പരിധി മാറ്റണമെന്ന ആവശ്യം വിവിധ യൂണിയനുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികക്ക് പി.എസ്.സിയുടെ അംഗീകാരത്തിനായി ശ്രമം തുടങ്ങിയെന്നാണ് മാനേജ്മെന്‍റ് വൃത്തങ്ങള്‍ അറിയിച്ചത്.