പലപ്പോഴും രാത്രി മദ്യപിച്ച് രോഗികളെത്തും,തിരക്കൊഴിയുന്ന സമയത്ത് ഇരിക്കുന്ന ടേബിളിൽ ഒന്ന് തലവച്ചുറങ്ങാന്‍ പോലും ഭയമാണ്; ഡോ. ജാനകി ഓംകുമാർ
പലപ്പോഴും പല സ്ഥലത്തും നൈറ്റ് ഡ്യൂട്ടികളിൽ ഞങ്ങൾ ഒറ്റയ്ക്കാണ് ഉണ്ടാകുന്നത്
തൃശൂര്‍: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി തൃശൂർ മെഡിക്കല്‍ കോളജിലെ ഹൗസ് സർജൻ ഡോ. ജാനകി ഓംകുമാർ. രാത്രി തിരക്കൊഴിയുന്ന സമയത്തു പോലും ഇരിക്കുന്ന ടേബിളിൽ ഒന്ന് തലവച്ച് ഉറങ്ങാൻ തങ്ങൾക്ക് ഉള്ളിൽ ഭയമാണെന്നും ആ സമയം ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്താൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
ജാനകിയുടെ വാക്കുകള്‍
എന്നെ പോലെ ജൂനിയറായ ഡോ. വന്ദന ദാസ് ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് കൊല്ലപ്പെട്ടു. ആൾ ചികിത്സിച്ചിരുന്ന പ്രതി അവിടെയുള്ള ചികിത്സാ ഉപകരണങ്ങളെടുത്ത് അവരെ കൊലപ്പെടുത്തി. ഞങ്ങൾ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലി ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. പലപ്പോഴും പല സ്ഥലത്തും നൈറ്റ് ഡ്യൂട്ടികളിൽ ഞങ്ങൾ ഒറ്റയ്ക്കാണ് ഉണ്ടാകുന്നത്. വനിതാ ആരോഗ്യപ്രവർത്തകർ ഒറ്റയ്ക്കാകും ഉണ്ടാകുന്നത്. ഒന്ന് ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ഒരു നഴ്സിങ് സ്റ്റാഫോ, അറ്റന്‍ഡറോ, സെക്യൂരിറ്റി സ്റ്റാഫോ ഉണ്ടാകാറില്ല. എന്നിട്ടും ഞങ്ങളെല്ലാം ആ ജോലിക്കു പോകാനുള്ള കാരണം അവിടെ വരുന്ന രോഗികൾക്ക് ഞങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ്.
രാത്രി തിരക്കൊഴിയുന്ന സമയത്തു പോലും ഇരിക്കുന്ന ടേബിളിൽ ഒന്ന് തലവച്ച് ഉറങ്ങാൻ ഞങ്ങൾക്ക് ഉള്ളിൽ ഭയമാണ്. കാരണം ആ സമയം ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്താൽ ഒന്നും നമുക്ക് ചെയ്യാൻ കഴിയില്ല. ഒന്ന് അലറി വിളിച്ചാൽ പോലും ആരും കേൾക്കണമെന്ന് ഇല്ല. പ്രത്യേകിച്ച് ഞങ്ങൾ വനിതാ ഡോക്ടർമാർ വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പലപ്പോഴും രാത്രി മദ്യപിച്ച് രോഗികളെത്തും. അങ്ങനെ പലരീതിയിലുള്ള അനുഭവങ്ങളുണ്ടാകും. എന്നിട്ടും ഞങ്ങളെല്ലാം ഈ ജോലിക്കു പോകുന്നത് വരുന്ന രോഗികളുടെ ആരോഗ്യം ഞങ്ങൾക്ക് അത്ര പ്രധാനമാണ്.
വിശപ്പും വിയർപ്പുമുള്ള പച്ചയായ മനുഷ്യരാണ് ഞങ്ങൾ. ഇതൊരു അപേക്ഷയാണ്. അടി കൊണ്ടാൽ ഞങ്ങൾക്കും വേദനയെടുക്കും. തിരിച്ചു പോയാൽ ഞങ്ങളെയും കാത്തിരിക്കാനായി വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഞാൻ ഒറ്റമകളാണ്. എന്നെ പോലെ തന്നെ ഒറ്റമകളാണ് വന്ദനയും. രാത്രി ഡ്യൂട്ടിക്കു പോകുമ്പോൾ ഡ്യൂട്ടിക്കു പോകുകയാണെന്ന് ആ കുട്ടി വീട്ടിൽ വിളിച്ചു പറഞ്ഞു കാണും. കാലത്ത് പൊതിഞ്ഞുകെട്ടിയ വെള്ള തുണിക്കെട്ടായി വീട്ടിലെക്കു പോകേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിക്കണം. നിങ്ങളെ ശുശ്രൂഷിക്കണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനും ആരോഗ്യവും ബാക്കിയുണ്ടാകണം. ഇതിനായി എല്ലാവരും കൂടെയുണ്ടാകണമെന്ന് അഭ്യർഥിക്കുകയാണ്.