ഡോ.ഷഹ്നയുടെ മരണം; റുവൈസിന്റെ പിതാവ് ഒളിവിൽ
പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: പിജി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കേസിൽ റുവൈസിന്റെയും ഷഹ്നയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും.
റുവൈസിന്റെ അറസ്റ്റിന് പിന്നാലെ തന്നെ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെയും ഇരുവരുടെയും വാട്‌സ്ആപ്പ് ചാറ്റിലെയും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതിൽ കോടിക്കണക്കിന് തുക സ്ത്രീധനമായി റുവൈസും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
പിതാവാണ് പണം ആവശ്യപ്പെട്ടതെന്നും പിതാവിനെ ധിക്കരിക്കാനാവില്ലെന്നും റുവൈസ് ആവർത്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാടസ്ആപ്പ് ചാറ്റുകൾ. ഇത്രയധികം പണം ആവശ്യപ്പെടുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന ആശങ്കയും ഷഹ്ന കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റെയും പിതാവിനെയും പ്രതി ചേർക്കുന്നതിനായ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്.
എന്നാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.