കെ.എസ്‌.ആർ.ടിസിയിലെ ഡ്യൂട്ടിപരിഷ്‌കരണം; ടി.ഡി.എഫ് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയായിരുന്നു സമരം

Update: 2022-09-30 13:49 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിൽ 12 മണിക്കൂർ വരെ പരമാവധി നീളാവുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചതിനെതിരെയായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

നാളെ മുതലാണ് അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നത്. ഒമ്പത് ഡിപ്പോകളിലേക്ക് ഷെഡ്യൂൾ തയ്യാറാക്കിയെങ്കിലും പരസ്പരധാരണയെത്തുടർന്ന് ശനിയാഴ്ചമുതൽ പാറശ്ശാല ഡിപ്പോയിൽമാത്രമാകും പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടിക്രമം നടപ്പാക്കുക. .ഐ.ടി.യു., ബി.എം.എസ്. സംഘടനകൾ ഇതുസംബന്ധിച്ച് മാനേജ്‌മെന്റുമായി ധാരണയിലെത്തിയെങ്കിലും ടിഡിഎഫ് ഇടഞ്ഞുനിൽക്കുകയായിരുന്നു.

എന്നാൽ, പണിമുടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നൽകി. പണി മുടക്കുന്നവർ തിരിച്ച് വരുമ്പോൾ ജോലിയുണ്ടാകുമോ എന്ന് ചിന്തിക്കണമെന്നായിരുന്നു മന്ത്രിയുടെ താക്കീത്. തുടർന്ന് ഇന്ന് വൈകിട്ട് ടിഡിഎഫ് അടിയന്തര യോഗം ചേർന്ന് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. 

അതേസമയം, മാനേജ്‌മെന്റ് തയ്യാറാക്കി കൈമാറിയ ഷെഡ്യൂളുകളിൽ അപാകമുണ്ടെന്നാണ് തൊഴിലാളിസംഘടനകളുടെ ആരോപണം. തിരക്കുള്ള പലറൂട്ടുകളിലും ആവശ്യത്തിന് ബസുകളില്ലാത്ത വിധത്തിലാണ് ക്രമീകരണമെന്നും പരാതി ഉയർന്നിട്ടുണ്ട്. ഷെഡ്യൂൾസമയം കുറച്ചിട്ടുണ്ട്. ഇതുകാരണം ബസുകൾ നിശ്ചിതസമയത്ത് ഓടിയെത്തില്ലെന്നും പരാതിയുണ്ട്.

എന്നാൽ, ‌റൂട്ടുകൾ പുനഃക്രമീകരിച്ചതാണെന്ന അവകാശവാദമാണ് മാനേജ്‌മെന്റ് ഉയർത്തിയത്. നിലവിൽ തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂളുകൾ യാത്രാക്ലേശം കൂട്ടുകയും ജീവനക്കാരുടെ ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനകൾ ആരോപിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News